നോമ്പു വിചിന്തനം: ആശ്വാസത്തിന്റെ ഇടമാകുന്ന കുരിശ്

പാമ്പുകള്‍ക്ക് മാളങ്ങളും പറവകള്‍ക്ക് ആകാശവുമുണ്ടായിരിക്കേ, മനുഷ്യപുത്രന്‍ അവിടുത്തെ ഒടുവിലെ ശ്വാസത്തിന്‍റെ ഭാരമൊഴിയുന്ന നേരത്തൊന്ന് തലചായ്ക്കാനുള്ള താങ്ങുപലക കുരിശിന്‍ ചില്ലയായിരുന്നു. അതുവഴി കുരിശ് മനുഷ്യപുത്രര്‍ക്ക് മുഴുവന്‍ ശിരസ്സ് ചേര്‍ത്തുവയ്ക്കാനുള്ള ആശ്വാസത്തിന്‍റെ ഇടമാക്കിത്തീര്‍ത്തു.

കുരിശിനെ ചുമലിലെ ഭാരമായിക്കാണുന്ന പതിവ് ചിന്തകളില്‍ നിന്നകന്ന് വിശ്വാസത്തിന്‍റെ തലത്തെ നാം തൊടുമ്പോള്‍ അവിടം നമ്മുടെ പാര്‍പ്പിടമാണെന്നും സുരക്ഷിത സ്ഥാനമാണെന്നുമുള്ള വീക്ഷണത്തിലെത്തുന്നു. കുരിശ് നമ്മെ ചേര്‍ത്തുനിര്‍ത്തുന്നു. സഭയെന്ന ഭവനത്തിന്‍റെ അംഗമാകുന്ന കുഞ്ഞിന്‍റെ നെറുകയില്‍ ഇത്തിരി തൈലത്തിന്‍റെ കുളിര്‍മ്മയുമായൊരു കുരിശടയാളം പിന്നെ ആത്മനിറവിന്‍റെ തൈലമായും അത് മാറുന്നു, വാഴ്ത്തി മുറിച്ചു വിഭജിച്ചു നല്‍കുന്ന പരിശുദ്ധ കുര്‍ബാനയുടെ ബലിക്കല്ലിലും തിരുവോസ്തിയിലും തിരുരക്തത്തിലും ഈ വിശുദ്ധ അടയാളം നിറഞ്ഞുനില്‍ക്കുന്നു. അനുതപിക്കുന്ന ഹൃദയത്തോടെ ധൂര്‍ത്തപുത്രനെപ്പോലെ പിതൃഭവനത്തിന്‍റെ സ്നേഹവും സംരക്ഷണവും സംതൃപ്തിയും തേടിയൊരു തിരിച്ചുവരവാഗ്രഹിക്കുന്നവര്‍ക്ക് കുരിശടയാളത്തിന്‍റെ മുദ്രപതിപ്പിക്കുന്നൊരു കുമ്പസാരക്കൂട് കാത്തിരിപ്പുണ്ടെന്നുള്ള പ്രതീക്ഷയുണ്ട്.

ജീവിതസമര്‍പ്പണത്തിന്‍റെ വിവാഹത്തിലും സമര്‍പ്പിതജീവിതത്തിലും തിരുപ്പട്ടത്തിലും കുരിശിന്‍റെ മുദ്ര സാക്ഷിയായും സാക്ഷ്യമായും മാറുന്നു. ദുഷ്ടപിശാചില്‍ നിന്നും അവന്‍റെ സൈന്യങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും ദുര്‍മരണങ്ങളില്‍ നിന്നും നാമറിയാതെ നമ്മുടെ നെറ്റിയില്‍ ചാലിക്കപ്പെട്ട കുരിശടയാളം രാവും പകലും സംരക്ഷണകവചം തീര്‍ക്കുന്നു. മരണത്തിന്‍റെ തണുപ്പ് ശരീരത്തില്‍ പടര്‍ന്നുപിടിക്കുമ്പോഴും പുരോഹിതന്‍റെ കൈവിരല്‍ത്തുമ്പിനാല്‍ ചാലിച്ച് നെറുകയില്‍ ചേര്‍ക്കപ്പെട്ട സൈത്തുതലത്തിന്‍റെ കുരിശടയാളം നമ്മുടെ ശരീരത്തെ സംരക്ഷിച്ച് നിര്‍ത്തിയിട്ടുണ്ടാകും. ഒടുവില്‍ ഇവിടംവിട്ട് ഏവരുടെയും കരം വിടുവിച്ച് നാം പോകുമ്പോള്‍, മരണത്തിന്‍റെ കരം പിടിച്ചല്ല ക്രൂശിതന്‍റെ കരം പിടിച്ചാണ് നാം യാത്രയാകുന്നത്. കാരണം, അപ്പോഴും നമ്മുടെ വിറങ്ങലിച്ച കൈയ്യില്‍ നാമറിയാതെ മറ്റാരോ മുറുകെപ്പിടിപ്പിച്ച ഒരു കുരിശുമരം ചേര്‍ന്നിരിപ്പുണ്ടാകും. നമ്മുടെ കൈയ്യോടൊട്ടിച്ചേര്‍ന്ന് നമ്മുടെ നെഞ്ചിന്‍കൂടില്‍ തൊട്ടുനില്‍ക്കുന്നെന്ന വണ്ണം.

അതേ, കുരിശിനെ നാം താങ്ങുകയല്ല, കുരിശ് നമ്മെ താങ്ങി നടത്തുകയാണ്.

ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ MCBS