മാര്‍പാപ്പയുടെ ഏറ്റവും ഉന്നത പുരസ്‌കാരം ‘ക്രോസ് ഓഫ് ഹോണറിന്’ അര്‍ഹയായി ഫിലിപ്പീനോ നടി നോവാ വില്ലാ

കത്തോലിക്കാ സഭയ്ക്കു നല്‍കിയ മികച്ച സേവനങ്ങളെ മാനിച്ച് അത്മായര്‍ക്കു നല്‍കുന്ന മാര്‍പാപ്പയുടെ ഏറ്റവും ഉന്നത പുരസ്‌കാരം ‘ക്രോസ് ഓഫ് ഹോണര്‍’ ‘പ്രൊ എക്ലേസ്യ ഏറ്റ് പൊന്തിഫിസ് ക്രോസ്’, ‘മിസ് ഗ്രാന്നി’ എന്ന കോമഡി ഡ്രാമയിലൂടെ പ്രേക്ഷകമനസ്സ് കവര്‍ന്ന ഫിലിപ്പീനോ നടി നോവാ വില്ലായ്ക്കു
സമ്മാനിച്ചു. തിരുസഭയ്ക്കും സമൂഹത്തിനും വേണ്ടി സേവനം ചെയ്യുന്ന വിശ്വാസികള്‍ക്ക് മാര്‍പാപ്പ നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയാണിത്.

നൊവാലിച്ചസിലെ ബിഷപ്പ് റോബര്‍ട്ടോ ഗായാണ് വില്ലാക്ക് അവാര്‍ഡ് സമ്മാനിച്ചത്. എന്റര്‍ടെയിന്‍മെന്റ് മേഖലയെ സുവിശേഷവത്കരണത്തിനുള്ള ഫലപ്രദമായ ഉപകരണമാക്കി മാറ്റിയതാണ് നോവ വില്ലായെ അവാര്‍ഡിന് അര്‍ഹയാക്കിയത്. യേശുവിന്റെ പ്രബോധനങ്ങള്‍ അനുസരിച്ചാണ് താന്‍ ജീവിച്ചിട്ടുള്ളതെന്നും ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം അവര്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഭയത്തിലും അരക്ഷിതാവസ്ഥയിലും കഴിയുന്ന കൊറോണ പകര്‍ച്ചവ്യാധിയാകുന്ന ഇരുളിനിടയിലെ വെളിച്ചമായിട്ടാണ് തനിക്ക് ലഭിച്ച അവാര്‍ഡിനെ പരിഗണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.