ചാപ്പലിലെ മുള്‍ക്കുരിശ് കാണാതെ പോകരുത്! സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ കിട്ടിയ ഉപദേശം

ഫാ. ജിന്‍സന്‍ മുകളേല്‍ CMF
ഫാ. ജിന്‍സന്‍ മുകളേല്‍ CMF

പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ പേരു കേട്ട ഒരു നാടകമായിരുന്നു അയല്‍ക്കൂട്ടം. ഈ നാടകത്തില്‍ വില്ലന്‍ ഒരു രംഗത്തില്‍ പോലും കടന്നു വരുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ അയാള്‍ ചെയ്യാത്ത ദ്രോഹങ്ങളും ഇല്ല. ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ചില മനുഷ്യരെ കുറിച്ച് പറയാം ! ഇത് വില്ലന്‍മാരുടെ കഥയല്ല കേട്ടോ!

അതില്‍ ആദ്യത്തെയാള്‍ എന്റെ ബാച്ച് മേറ്റ് സെബിന്‍ മുണ്ടയ്ക്കലച്ചന്‍. പാസ്റ്ററല്‍ സേവനത്തിന് പോയ ഒറ്റത്തൈ പള്ളിയിലെ വികാരിയച്ചനാണ്. ഈ അച്ചനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ സെബിനച്ചന്റെ വാക്കുകളില്‍ ഈ അച്ചന്‍ കുഞ്ഞുങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. അച്ചന്‍ ഓരോ കുട്ടിയേയും കാണുന്നത് അവര്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ അല്ല , മറിച്ച് ഭാവിയില്‍ അവര്‍ ആയിത്തീരുന്ന അവസ്ഥ ഓര്‍ത്താണ്. അതായത് തന്റെ മുന്നില്‍ വരുന്ന കുട്ടികളെ അദ്ദേഹം കാണുന്നത് കളക്ടറും ഡോക്ടറും ഒക്കെ ആയിട്ടാണ്. ഈ മഹനീയ വീക്ഷണം നമ്മുടെ വീടുകളില്‍ പുലര്‍ത്തിയാല്‍ എന്ത് മാറ്റമായിരിക്കും അല്ലേ വരുക?

മറ്റൊരു പ്രധാന വ്യക്തി ബഹുമാനപ്പെട്ട മാധവത്തച്ചന്റെ വാക്കുകളില്‍ക്കൂടി എന്റെ മനസില്‍ ചേക്കേറിയ സെബാസ്റ്റിയന്‍ വയലില്‍ തിരുമേനിയാണ്. മാധവത്തച്ചന്‍ തിരുമേനിയെപ്പറ്റി പറയുന്ന ഒരു പ്രധാന കാര്യം അദ്ദേഹത്തിന്റെ വാല്‍സല്യത്തെക്കുറിച്ചാണ്. ‘ ആ തീക്ഷ്ണതയുള്ള പ്രസംഗം കേള്‍ക്കേണ്ടതാണ്. ആരും കേട്ടിരുന്ന് പോകും… പിന്നെ, പിതാവ് എപ്പോഴും ടിപ് ടോപ്പിലായിരിക്കും!’ ഇങ്ങനെ മാധവത്തച്ചന്റെ കൂടെ നമ്മള്‍ സംസാരിച്ചിരുന്നാല്‍ വയലില്‍ പിതാവിന്റെ ആരാധകനായി നമ്മള്‍ മാറിയിരിക്കും. നമ്മള്‍ക്ക് അറിയാത്ത ഒരാളെക്കുറിച്ച് മറ്റൊരൊള്‍ പറയുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കുന്നത് അയാളുടെ വാക്കുകള്‍ മൂലമല്ല, മറിച്ച് അയാള്‍ ഏത് ഭാവത്തിലാണ് പറയുന്നത് എന്നത് അടിസ്ഥാനമാക്കിയായിരിക്കും എന്ന് തോന്നുന്നു.

ഇങ്ങനെ മാധവത്തച്ചന്‍ പല തവണ ഉരുവിട്ടപ്പോള്‍ ഞാന്‍ വയലില്‍ തിരുമേനിയുടെ ആത്മകഥ വായിച്ചു. എന്റെ ഓര്‍മ്മയില്‍ തെളിയുന്ന ഒരു പ്രധാന കാര്യം വയലില്‍ തിരുമേനി ജര്‍മ്മനിയില്‍ പോകുകയും യാദൃശ്ചികമായി ക്ലരീഷ്യന്‍ ഭവനത്തില്‍ താമസിക്കുകയും ചെയ്ത കാര്യമാണ്. ക്ലരീഷ്യന്‍ ആതിഥ്യമര്യാദയില്‍ സന്തുഷ്ടനായി നിന്ന തിരുമേനിയോട് ഇന്‍ഡ്യയില്‍ ഒരു സന്യാസ ഭവനം തുടങ്ങുന്ന കാര്യം അവര്‍ പറഞ്ഞു. പിന്നീട് സ്വന്തം രൂപതയിലെ വിദ്യാര്‍ത്ഥികളെ ക്ലരീഷ്യന്‍ സഭക്ക് നല്‍കിയ ആ വിശാല മനസ്‌കത എത്ര വലുതാണ്‍ രാവിലെ നല്ല പണിയും കഴിഞ്ഞ് പള്ളി ഓഡിറ്റോറിയത്തിലെ തറയില്‍ ഉച്ചക്ക് അല്പം മയങ്ങിയ മാണി വയലില്‍ അച്ചന്‍ ഉറക്കമെഴുന്നേറ്റത് വയലില്‍ മെത്രാനായി എന്ന അറിയിപ്പ് സ്വീകരിക്കാനായിരുന്നു എന്ന വരി വായിക്കുമ്പോള്‍ കഠിനാദ്ധ്വാനത്തിന്റെ വഴി നമ്മുടെ മുന്നില്‍ തെളിയുന്നു. ഒപ്പം പാലാ രൂപതയുടെ ചരിത്രവും തുടങ്ങുന്നു. തല ഉയര്‍ത്തി നില്‍ക്കുന്ന പാലായിലെ മൂന്ന് കോളേജുകളും ഈ ശില്പിയോട് കടപ്പെട്ടിരിക്കുന്നു എന്ന് ആ വഴി പോകുമ്പോള്‍ നമുക്ക് തോന്നാറില്ലേ?

മറ്റൊരു വ്യക്തി മരിച്ചു പോയ എന്റെ പേരപ്പനാണ്. ഈ പേരപ്പന്‍ തികച്ചും സാധാരണക്കാരനായിരുന്നു. ആ സംസാരം കേട്ടാല്‍ ആര്‍ക്കും ഒരു ചായ മേടിച്ചു കൊടുക്കാന്‍ തോന്നുമായിരുന്നു. അതുകൊണ്ടു തന്നെ ചെല്ലുന്നിടത്തെല്ലാം സുഹൃത്തുക്കളെ സൃഷ്ടിച്ച ഈ പേരപ്പന്‍ ഒരു പ്രത്യേക ജോലിയും ചെയ്യാതെ കൈയില്‍ ഒരു പൈസയുമില്ലാതെ കേരളം മുഴുവന്‍ ചുറ്റി നടന്ന് സന്തുഷ്ടനായി മരിച്ചു എന്നാണ് ഐതിഹ്യം ! ഈ പേരപ്പന്റെ കഥ കേള്‍ക്കുമ്പോഴേ മനസില്‍ എപ്പോഴും സന്തോഷം നിറയുന്നു.

വാര്‍ദ്ധാ സെമിനാരിയിലെ മരങ്ങള്‍ ഓര്‍ഡറില്‍ നില്‍ക്കുമ്പോള്‍ അവിടെ കൊടും ചൂടില്‍ വെള്ളം ചുമന്ന് മടുത്ത മുഴുവന്‍ സീനിയേഴ്‌സിനെയും ഓര്‍ക്കുന്നു. അത് അത് പോലെ ഓര്‍ഡറില്‍ നടാന്‍ പ്രേരിപ്പിച്ച് ചരടു കെട്ടി അകലമെടുത്ത് ,ഇപ്പോള്‍ നമ്മളില്‍ നിന്നും അകന്നു ഈശോയോട് അടുത്ത തോമസ് പൂയപ്പാടം അച്ചനെ ഓര്‍ക്കുന്നു. ബഷീര്‍ ബാല്യകാല സഖിയില്‍ പറയുന്നതു പോലെ ഈ ചാമ്പയും പേരയും ഒന്നും ഇവിടെ തന്നെ വളര്‍ന്ന് വന്നതല്ല. വലിയ മനുഷ്യര്‍ നട്ടു പിടിപ്പിച്ചതാണ്. അതുകൊണ്ട് ഓരോ മരം കാണുമ്പോഴും കണ്ണ് നനഞ്ഞ് വെള്ളം വീഴട്ടെ ! നനയട്ടെ മരവും മനസും! ഇങ്ങനെയുള്ള കഥകളല്ലേ നമ്മുടെ പാരമ്പര്യം? അതോടൊപ്പം സെമിനാരിയില്‍ ഓരോ ബാച്ചിനും ടേബിള്‍ ടെന്നീസ് ബോര്‍ഡ് വാങ്ങിയവരെയും രണ്ടു പേര്‍ ചേര്‍ന്ന് ജപമാല ചൊല്ലുന്ന രീതി തുടങ്ങിയവരെയും അനുസ്മരിക്കുന്നു. ഇങ്ങനെ നല്ല കാര്യങ്ങള്‍ തുടങ്ങുന്നവരുടെ സുകൃതം പതിറ്റാണ്ടുകളോളം ഒഴുകട്ടെ !

ബഹുമാനപ്പെട്ട മങ്ങാട്ടുത്താഴെയച്ചന്‍ പറഞ്ഞ സംഭവം ഓര്‍ക്കുന്നു. സെമിനാരിയില്‍ ചേര്‍ക്കാന്‍ അപ്പച്ചന്‍ ക്ലാരെറ്റ് ഭവന്‍ സെമിനാരിയില്‍ കൊണ്ടു വന്ന ദിവസം. ഇറങ്ങാന്‍ നേരം അപ്പച്ചന്‍ അദ്ദേഹത്തോട് പറഞ്ഞു

‘മോനെ… സെമിനാരിയുടെ മുന്‍ വശമൊക്കെ അതി മനോഹരമാ ! പക്ഷേ ഈ ചാപ്പലിന് പുറകിലുള്ള മുള്‍ക്കുരിശ് കാണാതെ പോകരുത്. ആ കുരിശാണ് ബാക്കിയെല്ലാം രൂപപ്പെടുത്തുന്നത്. ‘ ഇനി ഒന്നു കൂടി സെമിനാരിയുടെ ചാപ്പലിന് പുറകിലുള്ള മുള്‍ക്കുരിശിനെ ധ്യാനിച്ചേ… ഒന്നാമത് കുരിശ്… അതേല്‍ മുള്ളും കൂടി ചുറ്റിയാല്‍ ?

കൊച്ചച്ചന് ആദ്യത്തെ അപ്പോയിന്റ്‌മെന്റ് കിട്ടിയത് സഭയിലെ നല്ല കണിശതയും കൃത്യതയും ഉള്ള ഒരു വല്യച്ചന്റെ കൂടെയായിരുന്നു. തലേ ദിവസം വല്യച്ചന്‍ ചോദിച്ചു

‘ അച്ചന് എത്ര ചപ്പാത്തി വേണം ?’

‘ 5 എണ്ണം ‘

‘ ഓ.കെ.. എനിക്ക് 2 എണ്ണം … നാളെ കുക്ക് 7 ചപ്പാത്തി ഉണ്ടാക്കും’

പിറ്റെ ദിവസം കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് അച്ചന് കാര്യം മനസിലായത്. ചപ്പാത്തിയുടെ വലിപ്പം വളരെ കൂടുതലാണ്.

‘ അച്ചാ… എനിക്കിത്രയും കഴിക്കാന്‍ പറ്റത്തില്ല … ‘

‘എടോ തന്നോട് ഞാന്‍ ഇന്നലെ മര്യാദക്ക് ചോദിച്ചതല്ലേ.. ഇനി മുഴുവന്‍ കഴിച്ചിട്ട് പോയാല്‍ മതി. ‘

ഉച്ചക്ക് വല്യച്ചന്‍ ചോദിച്ചു

‘ അച്ചന് കെടാവിളക്ക് കത്തിക്കാന്‍ അറിയാമോ?’

‘പിന്നെ!’

പക്ഷേ അച്ചന്റെ സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് വിളക്കില്‍ എണ്ണ ഒഴിച്ചപ്പോള്‍ അത് കയറ്റു പായയില്‍ വീണു. അതൊരു പ്രത്യേക രീതിയില്‍ എണ്ണ ഒഴിക്കേണ്ട വിളക്കായിരുന്നു. എന്തായാലും കൃത്യസമയത്ത്
വല്യച്ചന്‍ കടന്നു വന്നു…
( ദുരന്തങ്ങള്‍ക്ക് എന്നും കൃത്യനിഷ്ഠയുണ്ട് എന്ന ചൊല്ല് കൊച്ചച്ചന്‍ ഓര്‍ത്തിരിക്കണം)
വല്യച്ചന്‍ സ്ഥിരം ഡയലോഗ് പറഞ്ഞു

‘ എടോ…തന്നോട് ഞാന്‍..’

രാത്രി കിടക്കാന്‍ നേരം വല്യച്ചന്‍ ചോദിച്ചു

‘ അച്ചന്‍ ഉറങ്ങുന്നത് അകത്തോ പുറത്തോ ?’

‘ ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ വീടിനകത്താ കിടക്കുന്നത്. ‘ കൊച്ചച്ചന്‍ സൗമ്യമായി പറഞ്ഞു.

‘ ഞാന്‍ പുറത്താണ് … ‘ വല്യച്ചന്‍ വെളിയിലേക്ക് പോയി കിടന്നു.

രാത്രി കുറച്ച് കഴിഞ്ഞപ്പോള്‍ ചൂട് കൊണ്ട് ഒരു രക്ഷയും ഇല്ലാതെ എഴുന്നേറ്റ് ഭ്രാന്തനെപ്പോലെ നടന്നു കൊച്ചച്ചന്‍. വല്യച്ചന്‍ വെളിയില്‍ കിടന്നതിന്റെ സാരം കൊച്ചച്ചന് മനസിലായി. പെട്ടെന്ന് വാതിലില്‍ ഒരു മുട്ട് കേട്ടു. വാതില്‍ തുറന്നപ്പോള്‍ വല്യച്ചന്‍. അടുത്ത ശകാരത്തിനായി കാത്തു നിന്ന കൊച്ചച്ചനോട് വല്യച്ചന്‍ പറഞ്ഞു

‘ വാ… പുറത്ത് നല്ല കാറ്റുണ്ട് ‘

വല്യച്ചനും കൊച്ചച്ചനും പുഞ്ചിരിയോടെ ഇറങ്ങുമ്പോള്‍ ഈ നടന്ന സംഭവത്തിലെ കഥാപാത്രങ്ങളും എന്നെ മോഹിപ്പിക്കുന്നു… ചിരിപ്പിക്കുന്നു… ചിന്തിപ്പിക്കുന്നു!

അവസാനം ഓര്‍ക്കുന്നത് നമ്മളാരും കാണാത്ത രാജാവായ മാവേലിയുടെ ആ മാസ് ഡയലോഗ് തന്നെ

‘ എന്റെ പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ അനുവദിക്കണം ‘ ഒരു ദിവസമെങ്കിലും പാവം മനുഷ്യന്‍ എല്ലാം മറന്ന് സന്തോഷിക്കട്ടെ! വലിയ മനുഷ്യരെ നമ്മള്‍ നേരില്‍ കണ്ടില്ലെങ്കിലും അവര്‍ വന്നതിന്റെ അടയാളങ്ങള്‍ ഭൂമി മുഴുവന്‍ ചിന്നിച്ചിതറി കിടപ്പുണ്ട്! കൊറോണയുടെ പാദങ്ങളില്ലാത്ത മുദ്രകള്‍ പോലെ !

ശുഭം!

ഫാ. ജിന്‍സന്‍ മുകളേല്‍ CMF

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.