നൈജീരിയയിൽ ദൈവാലയ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ക്രിമിനൽ സംഘത്തിന്റെ നേതാവ് അറസ്റ്റിൽ

നൈജീരിയയുടെ തലസ്ഥാനത്ത് ദൈവാലയം ആക്രമിക്കുന്നതിന് പദ്ധതിയിട്ടിരുന്ന ക്രിമിനൽ സംഘത്തിന്റെ നേതാവിനെ സംസ്ഥാന ഇന്റലിജൻസ് യൂണിറ്റുമായി ചേർന്ന് പോലീസ് അറസ്റ്റ് ചെയ്തു. അബുജയിലെ ബുക്കു ഗ്രാമത്തിലെ പള്ളിക്കു നേരെ ആസൂത്രണം ചെയ്ത ആക്രമണത്തിന് ഒരു ദിവസം മുമ്പാണ്, 50 വയസ്സുള്ള ഉമർ സമൈലയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തതായി നൈജീരിയൻ ഡെയ്‌ലി പോസ്റ്റ് പത്രക്കുറിപ്പിൽ റിപ്പോർട്ട് ചെയ്തത്.

ചോദ്യം ചെയ്യലിൽ, നൈജർ, എഫ്‌സിടി അബുജ, നസറവ സംസ്ഥാനങ്ങളിലെ ചില കുപ്രസിദ്ധ കൊള്ളക്കാരുടെ നേതാവാണു താൻ എന്ന് അദ്ദേഹം സമ്മതിച്ചു. മണിക്കൂറുകൾക്കു മുമ്പ് തന്റെ സംഘവുമായുള്ള അവസാന സംഭാഷണത്തിൽ, ഓപ്പറേഷനുമായി മുന്നോട്ട് പോകാൻ അദ്ദേഹം അവരോട് നിർദ്ദേശിക്കുകയും വിജയിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തതിന് തെളിവ് ലഭിച്ചിട്ടുണ്ട്. സമൈലയെ കൂടാതെ, തട്ടിക്കൊണ്ടു പോയവരെന്നു സംശയിക്കുന്ന മറ്റ് നാലു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും നാടോടികളായ ഇടയന്മാരാണെന്ന് തിരിച്ചറിഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) 2021 -ലെ വാർഷിക റിപ്പോർട്ടിൽ, കമ്മീഷണർ ഗാരി എൽ. ബവർ, നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെ വംശഹത്യക്കു സമാനമായ രീതിയിലുള്ള അക്രമണങ്ങളാണ് നടക്കുന്നതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.