വെള്ളത്തിലൊരു പുൽക്കൂട്

ഗുഹയിലും മരത്തിലും മണ്ണിലും മണലിലും പുല്ക്കൂടുകള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. ഇതാ വെള്ളത്തില്‍ ഒരു പുല്ക്കൂട്! പ്രളയം എടുത്ത കേരളത്തിന്റെ ഓര്‍മ്മകളിലാണ്‌ ഈ പുല്ക്കൂട് നിര്‍മ്മിക്കപ്പെട്ടത്!

പ്രളയക്കെടുതിയില്‍ മുങ്ങിത്തുടിച്ച അനേകര്‍ക്ക് രക്ഷകരായ മല്‍സ്യതൊഴിലാളികളെ തൃശൂര്‍ ജനതക്കിന്നും മറക്കാനാവുന്നില്ല. അതിനാല്‍ രക്ഷാനൗകയില്‍ രക്ഷകന്റെ തിരുപ്പിറവിയൊരുക്കിയാണ് ഏങ്ങണ്ടിയൂര്‍ എം. ഐ. മിഷന്‍ ആസ്പത്രി ക്രിസ്തുമസ്സ് ആഘോഷത്തിനൊരുങ്ങുന്നത്.

പ്രളയത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ കയറുന്നതിന് വെള്ളത്തില്‍ കുനിഞ്ഞുനിന്ന് സ്വയം ചവിട്ടുപ്പടിയായി മാറിയ മല്‍സ്യതൊളിലാളിയെ ഓര്‍മ്മിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമാണ് ഇവര്‍ ഒരുക്കിയത്. അതിനാല്‍ തന്നെ ‘രക്ഷകന്‍’ എന്നാണ് ഈ പുല്‍ക്കൂടിനു പേരിട്ടിരിക്കുന്നതും.

ആസ്പത്രിയില്‍ പിറന്ന കുഞ്ഞുങ്ങളുടെ സംഗമത്തോടെ ഒരുക്കിയ ക്രിസ്തുമസ്സ് ആഘോഷത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേ്ക്കബ്ബ് തൂങ്കുഴി സന്ദേശം നല്‍കി. പ്രളയനാളുകളില്‍ രക്ഷകരായ മത്സ്യതൊഴിലാളികളെ കേരളം എന്നും ഓര്‍മ്മിക്കുമെന്ന് മാര്‍ ജേക്കബ്ബ് തൂങ്കുഴി പറഞ്ഞു. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി പുരധിവസിപ്പിക്കുകയാണ് ഈ ക്രസ്മസ്സ് വേളയില്‍ സമൂഹത്തിനുള്ള പ്രധാന ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യതൊഴിലാളി ദമ്പതികളായ കെ. വി. കാര്‍ത്തികേയന്‍, രേഖ എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. കൂടുതല്‍ കുഞ്ഞുങ്ങളെ സമൂഹത്തിന് സമ്മാനിച്ച സിബില്‍ ദേവസ്സി, ജിന്റോ ജോസഫ് ദമ്പതിമാര്‍ക്കും കുടുംബത്തിനും സമ്മാനം നല്‍കി. ആസ്പത്രിയില്‍ കഴിഞ്ഞ ആഴ്ച ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മാര്‍ട്ടിന്‍ ജോസഫ് – ടീന ദമ്പതിമാര്‍ക്ക് സ്വര്‍ണ്ണപതക്കം സമ്മാനിച്ചു. ഇക്കഴിഞ്ഞദിവസം ഇരട്ടകുഞ്ഞുങ്ങളെ പ്രസവിച്ച ഉണ്ണിതങ്കച്ചന്‍ – നിജി ദമ്പതിമാര്‍ക്കും ഉപഹാരം നല്‍കി. ആസ്പത്രി ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് സ്വാഗതവും അസി. ഡയറക്ടര്‍ ഫാ. സണ്‍ജയ് തൈക്കാട്ടില്‍ നന്ദിയും പറഞ്ഞു

ജയ്‌മോന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.