കോവിഡ്: കഴിഞ്ഞ 75 വർഷങ്ങൾക്കുള്ളിൽ കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യൂണിസെഫ്

യൂണിസെഫിന്റെ കഴിഞ്ഞ 75 വർഷങ്ങളിലെ ചരിത്രമെടുത്തു നോക്കിയാൽ, കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ ആഗോളപ്രതിസന്ധിയാണ് കോവിഡ്-19 എന്ന് യൂണിസെഫ്. ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി, യൂണിസെഫ് ‘നഷ്ടപ്പെട്ട ഒരു പതിറ്റാണ്ടിനെ തടയുക: കുട്ടികളിലും യുവാക്കളിലും കോവിഡ്-19 ന്റെ വിനാശകരമായ ആഘാതം മാറ്റാനുള്ള അടിയന്തര നടപടികൾ’ എന്ന പേരിൽ പുറത്തിറക്കിയ ഒരു പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

2020 മാർച്ച് പകുതി മുതൽ ഓരോ സെക്കൻഡിലും 1 – 8 കുട്ടികൾ എന്ന തോതിൽ പത്തു കോടിയോളം കുട്ടികൾ, അവർക്ക് വിവിധ സഹായങ്ങളിലൂടെ മുൻപ് കൈവരിക്കാനായ മുന്നേറ്റങ്ങളിൽ നിന്ന് ദാരിദ്ര്യത്തിലേക്ക് തിരികെപ്പോയിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 2020 -ൽ രണ്ടേ കാൽ കോടിയോളം കുട്ടികൾക്ക് അവശ്യ വാക്സിനുകൾ ലഭിക്കാതെ പോയിട്ടുണ്ട് എന്നും 42 കോടിയോളം കുട്ടികൾ അതായത്, ലോകത്തിലെ അഞ്ചിലൊന്നു കുട്ടികൾ, വിവിധ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിക്കു മുമ്പു തന്നെ ലോകമെമ്പാടുമുള്ള ഏകദേശം നൂറു കോടിയോളം കുട്ടികൾ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, പോഷകാഹാരം, ശുചിത്വം, ജലലഭ്യത എന്നിവയിൽ കുറവുകൾ അനുഭവിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ നിലയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാവുകയാണെന്നും യൂണിസെഫിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ കോവിഡ് പകർച്ചവ്യാധി കാരണം 10 ദശലക്ഷം ശൈശവ വിവാഹങ്ങൾ കൂടി സംഭവിക്കാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം ലോകമെമ്പാടും ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 16 കോടിയായി ഉയർന്നിട്ടുണ്ടെന്നും 2022 അവസാനത്തോടെ ഏതാണ്ട് ഒരു കോടിയോളം കുട്ടികൾ കൂടി ബാലവേലയിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയുണ്ട് എന്നും ശിശുക്ഷേമനിധി കണക്കുകൾ പറയുന്നു. ലോകത്ത് ഇപ്പോൾ തന്നെ ഏതാണ്ട് അഞ്ചു കോടിയോളം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ ഏതാണ്ട് ഒരു കോടിയോളം കുട്ടികൾ കൂടി ദാരിദ്ര്യത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.

തങ്ങളുടെ ചരിത്രത്തിൽ കോടിക്കണക്കിന് ആളുകൾക്ക് മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് കുട്ടികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ഇടം തയ്യാറാക്കാൻ യൂണിസെഫ് ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ ഈ മഹാമാരി, തങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലങ്ങൾക്ക്  ഭീഷണിയായിക്കൊണ്ടിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് യൂണിസെഫ് മേധാവി ഹെൻറിയെത്ത ഫോർ അറിയിച്ചു. ഈയൊരു പ്രതിസന്ധിയെ തരണം ചെയ്യാൻ എല്ലാ പരിശ്രമങ്ങളും വേണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.