കോവിഡ് രോഗികളുമായി ഇടപഴകിയവരെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പോലീസ്

കോവിഡ് രോഗം ബാധിച്ചവരുമായി ഇടപഴകിയവരെ കണ്ടെത്താന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്റ്ററുടെ നേതൃത്വത്തിൽ മൂന്നു പോലീസുകാർ അടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം പുറപ്പെടുവിച്ചു.

കണ്ടെയിൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ പോലീസ് കർശനമായി നടപ്പാക്കും. ഇതിനായി മോട്ടോർ സൈക്കിൾ ബ്രിഗേഡിനെ നിയോഗിക്കും. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കും. കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കും.

ഒരു സ്ഥലത്തും ആൾക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി – മത്സ്യ മാർക്കറ്റുകൾ, വിവാഹവീടുകൾ, മരണവീടുകൾ, ബസ് സ്റ്റാന്റ്, ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. നിർദ്ദേശങ്ങൾ നടപ്പാക്കാനായി ഓരോ ജില്ലയുടെയും ചുമതല മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.