ക്വാറന്റീനില്‍ ഇളവ്; ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം

ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. കോവിഡ് നെഗറ്റീവ് പരിശോധന ഫലം സമർപ്പിക്കുന്നവർക്കും, രോഗികൾ, ഗർഭിണികൾ തുടങ്ങിയവർക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ ഇളവ് നൽകുന്നതാണ് പുതിയ മാർഗനിർദേശം. ഓഗസ്റ്റ് എട്ട് മുതൽ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും.

എയർഇന്ത്യയാണ് കേന്ദ്രത്തിന്റെ പുതിയ നിർദേശങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് ക്വാറന്റീനിൽ അനുവദിച്ചിരിക്കുന്ന ഇളവുകളാണ് ഇതിൽ പ്രധാനം. എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ(മൂന്ന് ദിവസം) മുമ്പ് newdelhiairport.in എന്ന വെബ്സൈറ്റിൽ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമർപ്പിക്കണം. ഇന്ത്യയിലെത്തിയാൽ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഇതിൽ ഏഴ് ദിവസം പണം നൽകിയുള്ള ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വാറന്റീനിൽ കഴിയണം. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പ് വരെ നടത്തിയ ആർ.ടി.-പിസിആർ ടെസ്റ്റിൽ കോവിഡ് ഫലം നെഗറ്റീവുള്ളവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധമില്ല.

കോവിഡ് ഫലം നെഗറ്റീവായവർ പരിശോധനയുടെ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് യാത്രപുറപ്പെടുന്നതിന് മുമ്പ് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണം. റിപ്പോർട്ടിൽ എന്തെങ്കിലും കൃത്രിമം കാണിച്ചാൽ ക്രിമിനൽ കേസെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.