മാർഗരേഖ കേന്ദ്രം പുതുക്കി; അഞ്ചു വയസ്സിനു താഴെയുള്ളവർക്ക്‌ മുഖാവരണം വേണ്ട

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസ്സിനു താഴെയുള്ളവരുടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖയിലാണ് നിർദ്ദേശം. ആറിനും 11-നും ഇടയിൽ പ്രായമുള്ളവർക്ക് ആവശ്യമെങ്കിൽ അച്ഛനമ്മമാരുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മുഖാവരണം ധരിക്കാം.

12 വയസ്സിനു മുകളിലുള്ളവർ നിർബന്ധമായും ധരിച്ചിരിക്കണം. ഗുരുതരാവസ്ഥയുള്ള കുട്ടികളിൽ മാത്രമേ ആന്റിവൈറൽ, സ്റ്റിറോയ്ഡ്, മോണോക്ലോണൽ ആന്റിബോഡികൾ തുടങ്ങിയവ ഉപയോഗിക്കാവൂ. പത്തു മുതൽ 14 വരെ ദിവസങ്ങളുടെ ഇടവേളയിൽ മരുന്നിന്റെ അളവ് കുറയ്ക്കണം. കാര്യമായ കോവിഡ് ലക്ഷണങ്ങളില്ലെങ്കിൽ ആദ്യ ആർ.എ.ടി. അല്ലെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധയല്ലാതെ മറ്റു പരിശോധനകൾ വേണ്ട. അച്ഛനമ്മമാരുടെ കർശന നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞാൽ മതി. പ്രത്യേകിച്ച് മരുന്നുകളും ആവശ്യമില്ല. കൃത്യമായ ഭക്ഷണം, വിശ്രമം എന്നിവ കുട്ടിക്ക് ഉറപ്പാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.