കോവിഡ് വ്യാപനം: ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രോഗവ്യാപനത്തിന് പുറമേ കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം, മുന്‍കരുതല്‍ ഡോസ് വിതരണം എന്നിവയും യോഗം വിലയിരുത്തി. കഴിഞ്ഞ ഡിസംബര്‍ 24നാണ് ഒടുവില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നത്. കോവിഡിനെതിരേയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും രോഗബാധ തടയാന്‍ ജാഗരൂകരായിരിക്കണമെന്നും യോഗത്തില്‍ മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.