ഇന്ത്യയിലെ കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കാമെന്ന് പഠനം

ഇന്ത്യയിൽ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിരിക്കാമെന്ന് പഠനം. ഔദ്യോഗികമായി റിപ്പോർട്ടുചെയ്തതിനെക്കാൾ ആറോ ഏഴോ ഇരട്ടിവരെ മരണം ഇന്ത്യയിലുണ്ടായിരിക്കാമെന്ന് സർക്കാർ, സ്വതന്ത്ര വൃത്തങ്ങളെ അധികരിച്ച് നടത്തിയ പഠനം പറയുന്നു. ഇതിന്റെ വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.

കാനഡയിലെ ടൊറാന്റോ സർവകലാശാലയിലെ പ്രൊഫസർ പ്രഭാത് ഝായുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഗവേഷക സംഘമാണ് പഠനം നടത്തിയത്. 2020 മാർച്ചുമുതൽ 2021 ജൂലായ് വരെ രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടത്തിയ പഠനത്തിൽ 1,37,289 പേർ പങ്കെടുത്തു. ഈ കാലയളവിൽ രാജ്യത്ത് 32 ലക്ഷം മരണങ്ങളുണ്ടായെന്നും അതിൽ 27 ലക്ഷവും കഴിഞ്ഞവർഷം എപ്രിൽ-മേയ് മാസങ്ങളിലാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 29 ശതമാനവും കോവിഡ് കാരണമാണെന്ന് സംഘം കണ്ടെത്തി. എപ്രിൽ-മേയ് മാസങ്ങളിലായിരുന്നു രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചത്.

കോവിഡിനുമുമ്പത്തെക്കാൾ 27 ശതമാനം കൂടുതലാണ് കോവിഡിനുശേഷം രാജ്യത്തുണ്ടായ മരണങ്ങൾ. ഇവരിൽപലരും കോവിഡ് കാരണമുണ്ടായ മറ്റ് ആരോഗ്യപ്രശ്നങ്ങളാലാണ് മരിച്ചത്. ഔദ്യോഗിക കണക്കുപ്രകാരം വെള്ളിയാഴ്ചവരെ രാജ്യത്ത് 3.52 കോടി പേർക്കാണ് കോവിഡ് ബാധിച്ചത്. 4.83 ലക്ഷം പേർ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.