ആഴ്ചയിൽ ആറുദിവസവും കുട്ടികൾക്ക് വാക്സിൻ; വിതരണകേന്ദ്രങ്ങൾക്ക് പിങ്ക് ബോർഡ്

ബുധനാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസവും ജനറൽ/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകും.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാകും വാക്സിൻ നൽകുക. തിങ്കളാഴ്ചമുതൽ ജനുവരി പത്തുവരെ ഇത്തരത്തിൽ വാക്സിൻ വിതരണംചെയ്യാൻ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കുട്ടികളുടെ വാക്സിനേഷൻകേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും. മുതിർന്നവരുടെ വാക്സിനേഷൻകേന്ദ്രത്തിന് നീലനിറത്തിലുള്ള ബോർഡുണ്ടാകും. വാക്സിനേഷൻകേന്ദ്രത്തിന്റെ പ്രവേശനകവാടം, രജിസ്‌ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ ഈ നിറങ്ങളിലുള്ള ബോർഡുകളുണ്ടാകും.

15മുതൽ 18വരെ വയസ്സുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. തിങ്കളാഴ്ചമുതലാണ് വാക്സിൻ വിതരണം ആരംഭിക്കുക. കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.