ആശങ്കയായി ഒമിക്രോൺ: കോവിഡ് ഒരാളിൽനിന്ന് 1.22 ആളിലേക്ക് പടരുന്നു

ഒമിക്രോൺ വകഭേദം അതിവേഗം പടരുകയാണെന്ന വ്യക്തമായ സൂചന നൽകി രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഒരാളിൽനിന്ന് 1.22 ആൾക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസിന്റെ വ്യാപനമെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ ഒമിക്രോണിന്റെ സാമൂഹികവ്യാപനം തുടങ്ങിയതായി സംസ്ഥാന സർക്കാരും സ്ഥിരീകരിച്ചു.

ഒമിക്രോൺ കേസുകൾ ഗുരുതരമല്ലെന്നതും കോവിഡ്മൂലമുള്ള മരണനിരക്ക് 300-ൽ താഴെ നിൽക്കുന്നതുമാണ് ഈ ഘട്ടത്തിലുള്ള ആശ്വാസമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. അതേസമയം, രോഗം ഗുരുതരമല്ലെന്ന ധാരണയിൽ സ്ഥിതിഗതികളെ കാണരുത്. പരിഭ്രാന്തിയും ആവശ്യമില്ല. കൂടുതൽ വാക്സിൻ നൽകിയും മറ്റു മുന്നൊരുക്കങ്ങൾ നടത്തിയും രാജ്യം തയ്യാറെടുപ്പിലാണ്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും മാസ്‌ക് ശരിയാംവിധം ധരിക്കുകയും വേണം. ഇത് രാഷ്ട്രീയക്കാർക്കും ഉത്തരവാദപ്പെട്ട ബാധകമാണ്. ആഗോളതലത്തിൽ കേസുകൾ ഉയരുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടത്തെയും വർധന. വ്യാപനം അതിവേഗത്തിലാണെന്നാണ് മറ്റു രാജ്യങ്ങളിലെ അനുഭവം. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം ‘കോവിഡ് സുനാമി’ മുന്നറിയിപ്പ് നൽകിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.