ഡെല്‍റ്റയേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷി; തയ്യാറെടുപ്പുനടത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘവീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ ഭീഷണിക്ക് ഒപ്പം തന്നെ ഡെല്‍റ്റ വകഭേദം ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന സംസ്ഥാനങ്ങളുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം.

അപകടസാധ്യത കണക്കിലെടുത്തുവേണം പ്രവര്‍ത്തനം താഴേത്തട്ടില്‍ ഏകോപിപ്പിക്കാനെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. രോഗവ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ നൈറ്റ് കര്‍ഫ്യൂ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജർ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയും ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.