ഒമിക്രോൺ: കടുത്തജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

യൂറോപ്പിലും ആഫ്രിക്കയിലും കാനഡയിലും മറ്റും ഒമിക്രോൺ വൻതോതിൽ പടരുന്ന പശ്ചാത്തലത്തിൽ വരുംനാളുകളിൽ കടുത്ത ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

സ്ഥിതിഗതികൾ രൂക്ഷമാകാനാണ് സാധ്യത. രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകളേ റിപ്പോർട്ടു ചെയ്തിട്ടുള്ളൂ. എന്നാൽ, യു.കെ.യിലും മറ്റും കോവിഡ് കേസുകൾ ഉയരുന്നതുവെച്ച് വിലയിരുത്തുമ്പോൾ ഇവിടെയും അതിവേഗം പടരാനും കേസുകൾ കൂടാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ ഒമിക്രോൺ ഇന്ത്യയിൽ വ്യാപകമായിട്ടില്ല. അത് സംഭവിക്കാതിരിക്കാനും ആരോഗ്യസംവിധാനത്തിനുമേൽ സമ്മർദം ഇല്ലാതിരിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. 91 രാജ്യങ്ങളിലായി 27,042 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതിയ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ, കൂടിച്ചേരലുകൾ, ആഘോഷങ്ങൾ എന്നിവ കഴിയുന്നതും ഒഴിവാക്കണമെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയും നിതി ആയോഗ് അംഗം ഡോ. വി.കെ. പോളും ആവശ്യപ്പെട്ടു. ടി.പി.ആർ. അഞ്ചുശതമാനത്തിൽ കൂടുതലുള്ള 24 ജില്ലകളിൽ രണ്ടാഴ്ച പ്രാദേശികനിയന്ത്രണം ഏർപ്പെടുത്തണം. ഒമിക്രോൺ അപകടകാരിയല്ലെന്ന ധാരണയിൽ ജാഗ്രതക്കുറവ് പാടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെൽറ്റ വകഭേദത്തെ കൈകാര്യം ചെയ്യുന്നതുപോലെതന്നെ ഒമിക്രോണിനെയും നേരിടണം. ഡെൽറ്റയിൽനിന്ന് വ്യത്യസ്തമായ രോഗലക്ഷണങ്ങൾ ഇതുവരെ ഒമിക്രോണിൽ കണ്ടിട്ടില്ല. ഭാവിയിൽ വെവ്വേറെ ലക്ഷണങ്ങൾ കണ്ടെന്നുവരാം. ആരോഗ്യ മന്ത്രാലയം വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.