കോവിഡ് ചികിത്സക്കുള്ള ആദ്യ ഗുളികക്ക് ബ്രിട്ടന്റെ അംഗീകാരം

വാക്സിനു പിന്നാലെ കോവിഡ് ചികിത്സക്കുള്ള ആദ്യ ഗുളികക്ക് ബ്രിട്ടൻ അംഗീകാരം നൽകി. ലെഗെവ്രിയോ (മോൾനുപിരവിർ) എന്ന ആന്റിവൈറൽ ഗുളിക, കോവിഡ് രോഗികൾ ദിവസവും രണ്ടു നേരമാണ് കഴിക്കേണ്ടത്. നേരിയതോ, മിതമായതോ ആയ ലക്ഷണങ്ങളും ഒപ്പം ഗുരുതരമായ മറ്റേതെങ്കിലുമൊരു രോഗസാധ്യതയുമുള്ളവർക്ക് (അമിതവണ്ണം, പ്രമേഹം, ഹൃദ്രോഹം, 60 വയസ്സിനു മുകളിലുള്ളവർ) ബ്രിട്ടനിൽ ഉടൻ ഗുളിക നൽകിത്തുടങ്ങും.

രോഗികളുടെ ആശുപത്രിവാസം ഒഴിവാക്കാനും മരണനിരക്ക് 50 ശതമാനമായി കുറക്കാനും മരുന്ന് സഹായിക്കുമെന്ന് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി അറിയിച്ചു. ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ ചരിത്രദിനമാണ് ഇതെന്ന്, മരുന്നിന് അനുമതി നൽകിയ വിവരം പ്രഖ്യാപിച്ച് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

ഫ്ലൂ ചികിത്സക്കായി വികസിപ്പിച്ചതാണ് മോൾനുപിരവിർ. റിഡ്ജ്ബാക് ബയോതെറാപ്യൂട്ടിക്സും മെർക് ഷാർപ് ആൻഡ് ഡോമും (എം.എസ്.ഡി.) ചേർന്നു വികസിപ്പിച്ച ഗുളിക, ശരീരത്തിൽ വൈറസ് പെരുകുന്നത് തടഞ്ഞ് രോഗതീവ്രത കുറക്കും. രോഗബാധയുടെ തുടക്കത്തിൽ തന്നെ ഉപയോഗിക്കുന്നതാണ് ഏറെ ഫലപ്രദം. ലക്ഷണങ്ങൾ കണ്ട് അഞ്ചു ദിവസത്തിനുള്ളിലെങ്കിലും മോൾനുപിരവിർ കഴിക്കാനാണ് നിർദ്ദേശം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.