ഇന്ത്യയിൽ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 100 കോടി കടന്നു

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ യജ്ഞം എന്ന വിശേഷണത്തോടെ തുടങ്ങിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഒൻപതു മാസങ്ങൾ പൂർത്തിയാക്കുമ്പോൾ രാജ്യം പിന്നിടുന്നത് ഒരു വലിയ നാഴികക്കല്ലാണ്‌. ഇന്നലെ രാവിലെ 9.47 -ഓടെ രാജ്യത്ത് നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 100 കോടി പൂർത്തിയാക്കി.

ചൈനക്കു ശേഷം നൂറു കോടി വാക്‌സിനേഷൻ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്രസർക്കാർ വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 9.47 -നാണ് രാജ്യത്ത് ഇതുവരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം 100 കോടി കഴിഞ്ഞതായി കോവിൻ പോർട്ടലിൽ രേഖപ്പെടുത്തിയത്. 275 ദിവസങ്ങൾ കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 18 വയസിനു മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസും 31 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.