കോവിഡ് സമ്പര്‍ക്കപ്പട്ടിക ചുരുങ്ങി; ഒരുരോഗിക്ക് 1.9 പേരുമായി മാത്രം സമ്പര്‍ക്കം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തയ്യാറാക്കിയിരുന്ന വിശാലമായ സമ്പര്‍ക്കപ്പട്ടിക ചുരുങ്ങി. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇപ്പോള്‍ കോവിഡ് രോഗിക്ക് ശരാശരി 1.9 പേരുമായി മാത്രമേ സമ്പര്‍ക്കമുള്ളൂ. 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 60 മുതല്‍ 90 വരെ ആളുകളുമായി ഒരുരോഗി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി കണക്കാക്കിയിരുന്നു. പിന്നീട്, ഇതു വര്‍ധിച്ച് ഒരുരോഗിക്ക് ശരാശരി 162 പേരുമായി സമ്പര്‍ക്കമുള്ളതായി കണ്ടെത്തി.

ആദ്യകാലത്ത് കോവിഡ് വാര്‍റൂമിലെ പ്രധാന ജോലികളിലൊന്നായിരുന്നു സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍. ഇതിനായി പ്രത്യേക ചുമതലക്കാരും ഉണ്ടായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ഫോണില്‍ വിളിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെയെല്ലാം പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കുകയായിരുന്നു രീതി. ഓരോരോഗിയും പോയതും വന്നതുമായ വഴികള്‍ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും പതിവായിരുന്നു.

എന്നാല്‍ രണ്ടാം വ്യാപനസമയമായപ്പോഴേക്കും സമ്പര്‍ക്കപ്പട്ടിക ചുരുങ്ങിത്തുടങ്ങി. കഴിഞ്ഞമാസങ്ങളില്‍ ഇത് പത്തില്‍ താഴെയെത്തി. കഴിഞ്ഞദിവസങ്ങളില്‍ രണ്ടില്‍ താഴെയായി. പരമാവധി 2.5 വരെയാണ് വരുന്നത്. രണ്ടാം വ്യാപനസമയത്ത്, സന്ദര്‍ശനത്തിനെത്തിയ കേന്ദ്രസംഘം സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നടന്നില്ല.

നിരീക്ഷണപ്പട്ടികയിലുള്ളവരില്‍ അഞ്ചിലൊന്ന് പേര്‍പോലും സ്രവപരിശോധനയ്ക്ക് തയ്യാറാകാത്തതും ആരോഗ്യവകുപ്പിന് വെല്ലുവിളിയായിരിക്കുകയാണ്. ഒരുവീട്ടില്‍ ഒരു പോസിറ്റീവ് കേസ് ഉണ്ടായാല്‍പ്പോലും മറ്റുള്ളവര്‍ പരിശോധിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.