കുട്ടികൾക്കുള്ള വാക്സിൻ: ശാസ്ത്രീയവശവും ലഭ്യതയും കണക്കിലെടുത്തശേഷം മാത്രം

രണ്ടു മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ വിതരണം എപ്പോൾ തുടങ്ങുമെന്നതിന് ഒരു സമയക്രമം ഇപ്പോൾ പറയാനാകില്ലെന്ന് കോവിഡ് ദൗത്യസേനാ മേധാവി ഡോ. വി.കെ. പോൾ പറഞ്ഞു. ശാസ്ത്രീയമായ യുക്തിയാണ് ഇത് സംബന്ധിച്ച തീരുമാനത്തെ നിർണ്ണയിക്കുന്നത്. വാക്സിന്റെ ലഭ്യതയും പരിഗണിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

പല രാജ്യങ്ങളും കുട്ടികൾക്കും പ്രായമുള്ളവർക്കും വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. കുട്ടികളുടെ വാക്സിന്റെ കാര്യത്തിൽ വിശദ പരിശോധനക്കു ശേഷം മാത്രമായിരിക്കും തീരുമാനം. സൈഡസ് കാഡിലയുടെ വാക്സിൻ ഇന്ത്യയിലെ വാക്സിനേഷൻ പരിപാടിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ തുടരുകയാണ്.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും രണ്ടാം തരംഗം ഒതുങ്ങുകയാണെന്നും ഡോ. പോൾ പറഞ്ഞു. എന്നാൽ, കോവിഡ് പ്രതിസന്ധി കഴിഞ്ഞു എന്ന് പറയാനാകില്ല. ഉത്സവകാലത്ത് കൂടുതൽ ജാഗ്രത വേണം. വാക്സിനേഷൻ മികച്ച രീതിയിൽ നടപ്പാക്കിയ രാജ്യങ്ങളിൽ പോലും കോവിഡ് വീണ്ടും കൂടുന്നുണ്ട്. അതിനാൽ കോവിഡ് കുറയുന്ന സ്ഥിതി തുടരുമെന്ന് ഉറപ്പിക്കാനാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.