കോവിഡ് മരണം: ബി.പി.എൽ കുടുംബങ്ങൾക്ക് മാസം 5,000 രൂപ; ധനസഹായം മൂന്ന് വർഷത്തേക്ക്

കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ കുടുംബത്തിന് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിമാസം 5,000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേക്കാണ് സഹായം നൽകുക. ഇതിനാവശ്യമായ തുക ബഡ്ജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും തീരുമാനിച്ചു.

മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ ക്ഷേമനിധി/ മറ്റു പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ ആനുകൂല്യം നൽകും. ബി.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിശ്ചയിക്കുമ്പോൾ മരിച്ച വ്യക്തിയുടെ വരുമാനം ഒഴിവാക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.