രണ്ടുകോടി കടന്ന് വാക്‌സിനേഷന്‍: ചൈനയെ മറികടക്കാന്‍ ഇന്ത്യ

കോവിഡ് വാക്സിനേഷനിൽ പുതിയ നേട്ടവുമായി രാജ്യം. ഇതാദ്യമായി രാജ്യത്തെ പ്രതിദിന വാക്സിനേഷൻ രണ്ട് കോടി ഡോസ് കടന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിവരെ 2.2 കോടി പിന്നിട്ടതായാണ് റിപ്പോർട്ട്. ഇന്നു രാത്രിയോടെ ഇത് രണ്ടര കോടിയിലെത്തിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.

മോദിയുടെ 71-ാം പിറന്നാൽ ദിനമായ ഇന്ന് വാക്സിനേഷനിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കാനാണ് സർക്കാർ കണക്കു കൂട്ടുന്നത്. ഒറ്റദിവസം ഏറ്റവും കൂടുതൽ വാക്സിൻ കുത്തിവെപ്പ് നൽകിയ റെക്കോർഡ് നിലവിൽ ചൈനയുടെ പേരിലാണ്. ജൂൺ 24ന് ചൈനയിൽ 2.47 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിരുന്നു. രാത്രിയോടെ ഈ റെക്കോർഡ് മറികടക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

വൈകീട്ടോടെ വാക്സിനേഷൻ രണ്ട് കോടി പിന്നിട്ടതിന് പിന്നാലെ ആരോഗ്യപ്രവർത്തകർക്ക് മധുരം നൽകി നേട്ടം ആഘോഷിക്കുന്ന വീഡിയോയും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് പുറമേ മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ജനങ്ങളോട് എത്രയും വേഗം അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ കുത്തിവെപ്പെടുക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.