പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് നവംബറോടെ വാക്സിൻ

കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഒക്ടോബറിലോ നവംബറിലോ ആരംഭിക്കും. 12-നും 17-നുമിടയിൽ പ്രായമുള്ളവർക്കായിരിക്കും മുൻഗണന. ഇവരിൽ അനുബന്ധരോഗമുള്ളവർക്ക് ആദ്യം വാക്സിൻ നൽകും.

ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയവ അനുബന്ധരോഗങ്ങളിൽ ഉൾപ്പെടും. മൂന്നുഡോസ് കുത്തിവെക്കേണ്ട ‘സൈക്കോവ്-ഡി’ വാക്സിനാണ് കുട്ടികൾക്ക് നൽകുക. കുട്ടികളിൽ പ്രതിരോധകുത്തിവെപ്പിന് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത് സൈഡസ് കാഡിലയുടെ ഈ വാക്സിനുമാത്രമാണ്. 18 വയസ്സിൽത്താഴെയുള്ള 44 കോടി കുട്ടികൾ രാജ്യത്തുണ്ട്. ഇവരിൽ 12-നും 17-നുമിടയിലുള്ളവരുടെ എണ്ണം 12 കോടിയോളംവരും. അനുബന്ധ രോഗങ്ങളുള്ള കുട്ടികൾ ഏതാണ്ട് 30 ലക്ഷം ഉണ്ടാവുമെന്നാണ് കണക്ക്.

കോവാക്സിനിന്റെ നിർമാതാക്കളായ ഭാരത് ബയോടെക്കും കുട്ടികൾക്ക് സ്വീകരിക്കാവുന്ന വാക്സിൻപരീക്ഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു വയസ്സിനു മുകളിലുള്ളവർക്ക് സ്വീകരിക്കാവുന്ന ഈ വാക്സിനിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും കുട്ടികളുടെ വാക്സിൻ പരീക്ഷണം ഈയിടെ തുടങ്ങിയിട്ടുണ്ട്. സൈക്കോവ്-ഡിക്ക് തുടർച്ചയായി ഈ കമ്പനികളുടെ വാക്സിനും അടുത്തകൊല്ലം ആദ്യത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

അനുബന്ധരോഗമുള്ളവർക്ക് നൽകാനായി ആദ്യം 40 ലക്ഷം ഡോസ് സൈക്കോവ്-ഡി ആണ് നിർമാതാക്കൾ സർക്കാരിന് നൽകുക. ഡിസംബറോടെ അഞ്ചുകോടി ഡോസ് ലഭ്യമായേക്കും. അടുത്തകൊല്ലം കൂടുതൽ ഡോസ് വാക്സിൻ വിപണിയിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.