രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 16% പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രം

കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നതിനിടയിൽ രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനം പേർക്ക് പൂർണ്ണമായും, 54 ശതമാനം പേർക്ക് ഒരു ഡോസും പ്രതിരോധ കുത്തിവയ്പ്പ് നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

ഓഗസ്റ്റ് മാസത്തിൽ മാത്രം 18.38 കോടി ഡോസ് വാക്സിൻ നൽകിയതായി രാജ്യത്തെ വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ച് സംസാരിക്കവെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ഒരു ദിവസം ശരാശരി 59.29 ലക്ഷം ഡോസ് എന്ന നിലയിലാണ് ഓഗസ്റ്റ് മാസത്തിൽ വാക്സിൻ വിതരണം നടന്നത്. അവസാന ആഴ്ചയിൽ പ്രതിദിനം 80 ലക്ഷത്തിലധികം ഡോസുകൾ നൽകാനായെന്നും അദ്ദേഹം പറഞ്ഞു.

സിക്കിം, ദാദ്ര നാഗർ ഹവേലി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മുതിർന്നവരുടെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും പ്രതിരോധ കുത്തിവെപ്പ് നൽകി. ‘സിക്കിമിൽ ജനസംഖ്യയുടെ 36 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസ് നൽകി, ദാദ്ര നഗർ ഹവേലി 18 ശതമാനം പേർക്കും ഹിമാചൽ പ്രദേശ് 32 ശതമാനം പേർക്കും രണ്ടാമത്തെ ഡോസ് വാക്സിൻ നൽകി’, രാജേഷ് ഭൂഷൺ പറഞ്ഞു.
ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള കേരളത്തെയാണ് ഈ ഘട്ടത്തിൽ കോവിഡ് എറ്റവും അധികം ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.