പരമാവധിപേരെ പരിശോധിക്കും; താമസമില്ലാതെ പരിശോധനാഫലം: ഊര്‍ജിത പദ്ധതിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊർജിത പദ്ധതി ആവിഷ്ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊർജിത പരിശോധന നടത്തുന്നത്.

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിങ് കൂടുതൽ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, കച്ചവടക്കാർ, വിവിധ ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തും. പരിശോധനയ്ക്കായി അവരവർ തന്നെ മുൻകയ്യെടുക്കേണ്ടതാണ്. തുടക്കത്തിലേ രോഗം കണ്ടെത്തിയാൽ തങ്ങളേയും കുടുംബത്തേയും ഒരുപോലെ രക്ഷിക്കാനാകും. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ക്ലസ്റ്റർ മേഖലയിൽ നേരിട്ടെത്തിയും ക്യാമ്പുകൾ മുഖേനയും സാമ്പിൾ കളക്ഷൻ നടത്തുന്നതാണ്. കാലതാമസമില്ലാതെ പരിശോധനാ ഫലം നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിലുള്ള എല്ലാവരും പരിശോധന നടത്തേണ്ടതാണ്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും ഗുരുതര രോഗമുള്ളവരും ചെറിയ ലക്ഷണമുണ്ടെങ്കിൽ പോലും പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരക്കാർക്ക് കോവിഡ് ബാധിച്ചാൽ പെട്ടന്ന് ഗുരുതരമാകുന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. വിവാഹം, ശവസംസ്കാരം തുടങ്ങി പൊതു ചടങ്ങുകളിൽ പങ്കെടുത്തവർക്ക് ആർക്കെങ്കിലും കോവിഡ് വന്നാൽ പങ്കെടുത്തവർ എല്ലാവരും പരിശോധന നടത്തേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.