കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല; അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതം – കേന്ദ്രം

കേരളത്തിൽ പുതിയ കോവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണ്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 88 മുതൽ 90 ശതമാനം കേസുകളും ഡെൽറ്റയാണെങ്കിലും പുതിയ വകഭേദങ്ങളൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ പകുതിയിലധികം കേസുകൾ കേരളത്തിലാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കേസുകളെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു ഇത്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് പരിശോധിക്കാനായി കേന്ദ്രത്തിൽ നിന്നെത്തിയ ആറംഗ സംഘം സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ ജില്ലകൾ സന്ദർശിച്ച കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

പ്രമേഹ രോഗികളുടെ എണ്ണത്തിലുള്ള വർധനയും കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ പിന്തുടരുന്നതിലെ അലസതയും കേസുകൾ കൂടി വരുന്നതിന്റെ കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. പ്രായമേറിയവരുടെ എണ്ണം കേരളത്തിൽ കൂടുതലാണെന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. ഒരു തവണ കോവിഡ് ബാധിച്ചവരിൽ വീണ്ടും രോഗം ബാധിക്കുന്നതിന്റെ വിവരങ്ങളും സംഘം ശേഖരിച്ചതായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡോ.സുജീത്ത് സിങ് പറഞ്ഞു.

പോസിറ്റീവ് ആയ വ്യക്തിയിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ തോത് കൂടുന്നതും പ്രതിദിന കേസുകളുടെ എണ്ണം കൂടാൻ കാരണമാകുന്നുണ്ട്. ഓണം പ്രമാണിച്ച് തിരക്ക് കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലാ ഭരണക്കൂടങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ച് റിപ്പോർട്ടുകൾ പ്രകാരം പത്തനംത്തിട്ടയിൽ 14,974 പേർ വീണ്ടും രോഗബാധിതരായി. ഇതിൽ 5042 പേർ രണ്ടു ഡോസും സ്വീകരിച്ചവരാണ്. ഇത്തരത്തിൽ വീണ്ടും രോഗം ബാധിക്കാനുള്ള കാരണം കേന്ദ്ര സംഘം അന്വേഷിച്ചു വരികയാണ്. രാജ്യത്തെ കോവിഡ് കേസുകൾ ജൂലായ്-ഓഗസ്റ്റോടെ കുറഞ്ഞുവെങ്കിലും കേരളത്തിൽ കേസുകളുടെ എണ്ണം കൂടുന്നത് രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ വർധനയുണ്ടാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.