രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റര്‍ ഡോസ് ഉറപ്പുവരുത്തണമെന്ന് ഡോ.ആന്റണി ഫൗച്ചി

രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്നതിനെ പിൻതാങ്ങുന്നതായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി. വാക്സിനെടുത്ത എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കാൾ പ്രാമുഖ്യം രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു.

പൂർണമായും വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലും ബൂസ്റ്റർ ഡോസുകൾക്ക് ഔദ്യോഗിക അനുമതി നൽകേണ്ടതുണ്ടോ എന്ന ചർച്ചകൾ ചൂട് പിടിക്കുന്നതിനിടെയാണ് ആന്റണി ഫൗച്ചിയുടെ പ്രതികരണം.

യു.എസിൽ ഡെൽറ്റ കേസുകളുടെ എണ്ണം ദിനം പ്രതി ഒരു ലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രോഗബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലോ അവയവ മാറ്റങ്ങൾ നടത്തിയവരിലോ, കീമോതെറാപ്പി ചെയ്യുന്നവരിലോ വാക്സിൻ പൂർണമായും ഫലപ്രദമായില്ലെന്ന് ഫൗച്ചി പറഞ്ഞു. വാക്സിൻ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതി ആശങ്കാജനകമാണ്. ഇത് ആരോഗ്യവകുപ്പ് നിസാരമായി കാണുന്നില്ല. ഇത്തരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാനുണ്ടായ സാഹചര്യം കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ കഴിയൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.