60 കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് പതിനഞ്ചിനകം ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും

സംസ്ഥാനത്ത് ഓഗസ്റ്റ് ഒമ്പത് മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്സിനേഷൻ വർധിപ്പിക്കും.

അവസാന വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്കും എൽ.പി, യു.പി സ്കൂൾ അധ്യാപകർക്കും വാക്സിനേഷൻ പൂർത്തീകരിക്കുകയും യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിനു ലഭിക്കുന്ന വാക്സിനുകൾക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 20 ലക്ഷം ഡോസ് വാക്സിനുകൾ വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ നൽകും.

സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിൻ നൽകാൻ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക. വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും പൊതു സംഘടനകൾക്കും വാങ്ങിയ വാക്സിനുകളിൽ നിന്നും ആശുപത്രികളുമായി ചേർന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാക്സിനേഷൻ നടത്താവുന്നതാണ്. ഇതിനുള്ള സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കും. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളിൽ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ) ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.