കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്രം

വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയെന്നോണം കേരളത്തിൽ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്രം. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയിൽനിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോൾ വൈറസ് പടരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം സംസ്ഥാനത്താണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകൾ. ബാക്കി 15 എണ്ണം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ആണ്. കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളിൽ രോഗം വൻതോതിൽ കൂടി. ജൂൺ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച്് മലപ്പുറത്ത് 59 ശതമാനവും തൃശ്ശൂരിൽ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വർധനയുണ്ടായി. ഈ പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാൻ സംസ്ഥാനവുമായി നിരന്തര സമ്പർക്കത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.