കോവിഡ് ഡെൽറ്റ വകഭേദം ലോകത്ത് ആധിപത്യം ഉറപ്പിക്കുന്നു

അതിതീവ്ര വ്യാപനത്തിനു വഴി തെളിക്കുന്ന കോവിഡ് ഡെൽറ്റ വകഭേദം വരും മാസങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 124 രാജ്യങ്ങളിലാണു നിലവിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചത്തെക്കാൾ 13 രാജ്യങ്ങളിൽക്കൂടി ഡെൽറ്റ സാന്നിധ്യം പുതുതായി സ്ഥിരീകരിച്ചു.

പല രാജ്യങ്ങളിൽനിന്നും ശേഖരിച്ച കോവിഡ് സാംപിളുകളിൽ 75 ശതമാനത്തിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. മറ്റുള്ള എല്ലാ വകഭേദങ്ങൾക്കുമേലും ഡെൽറ്റ ആധിപത്യം സ്ഥാപിക്കുമെന്നും ഇനിയുള്ള മാസങ്ങളിൽ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ബ്രിട്ടനിൽ ആദ്യം സ്ഥിരീകരിച്ച ആൽഫ, ദക്ഷിണാഫ്രിക്കയിൽ ആദ്യം സ്ഥിരീകരിച്ച ബീറ്റ, ബ്രസീലിൽ ആദ്യം സ്ഥിരീകരിച്ച ഗാമ എന്നിവയാണ് ആശങ്കയ്ക്കു വക നൽകുന്ന മറ്റു വകഭേദങ്ങൾ. ആൽഫ 180 രാജ്യങ്ങളിലും ബീറ്റ 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.