കിടപ്പ് രോഗികൾക്ക് വീടുകളിൽ എത്തി വാക്സിൻ നൽകും; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

ഇവരുടെ വാക്‌സിനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്റെ മുന്‍ഗണനാപട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സിന്‍ നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കുകയും അവര്‍ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തേണ്ടതുമാണ്. ഓരോ രോഗിയില്‍ നിന്നും വാകിസ്‌നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.