4.22 ലക്ഷം പേർക്ക് രോഗമുക്തി: ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി നിരക്ക് രേഖപ്പെടുത്തി ഇന്ത്യ

രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ 15 ദിവസമായി തുടർച്ചയായി കുറയുകയാണെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,22,426 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അവർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ 33,53,765 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ 13 ശതമാനം മാത്രമാണിത്. മെയ് 13 ന് രാജ്യത്തെ ആക്ടീവ് കേസുകളുടെ നിരക്ക് 17 ശതമാനം ആയിരുന്നുവെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. പ്രതിദിനം 10,000ത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്ന എട്ട് സംസ്ഥാനങ്ങളാണ് നിലവിൽ രാജ്യത്തുള്ളത്. 26 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തെക്കാൾ കൂടുതലാണ് പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണം. മെയ് ഏഴിന് 4,14,188 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കായിരുന്നു ഇത്. അതിനുശേഷം പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.