
കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാൻ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് നാൽപ്പതിലേറെ രാജ്യങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്നായി 550 ഓക്സിജൻ ജനറേറ്റർ പ്ലാന്റുകളും 4000 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 10000 ഓക്സിജൻ സിലിൻഡറുകളും ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്‌ള വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന തുടങ്ങിയവയാണ് ഇന്ത്യയെ സഹായിക്കാനെത്തിയിരിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങളും മരുന്നുമായി അമേരിക്കയിൽനിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ വെള്ളിയാഴ്ചയോടെയും മൂന്നാമത്തേത് മേയ് മൂന്നിനും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയിൽനിന്ന് രണ്ടു വിമാനങ്ങളിൽ ഓക്സിജൻ ഉത്പാദന സാമഗ്രികളും വെന്റിലേറ്ററുകളും എത്തി. യു.എ.ഇ.യിൽനിന്നുള്ള സഹായങ്ങളുമെത്തി. അയർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള സഹായങ്ങളുമായി അടുത്തദിവസങ്ങളിൽ വിമാനങ്ങളെത്തും.