കേരളത്തിന്റെ ഓക്‌സിജൻ ആവശ്യം ഉയരുന്നു; ദിവസേന രണ്ടു ടൺ അധികം വേണം

കോവിഡിൽ കേരളത്തിന്റെ ഓക്‌സിജൻ ആവശ്യം ഉയരുന്നു. ദിവസേന രണ്ടു ടണ്ണാണ് അധികമായി വേണ്ടത്. കഴിഞ്ഞയാഴ്ചവരെ ദിവസേന 76-86 ടൺ ഓക്‌സിജൻ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി. ഏപ്രിൽ 30 ആകുമ്പോഴേക്കും ആവശ്യം 103.51 ടൺ ആകുമെന്നാണ് ഓക്‌സിജൻ വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ പെസോയുടെ കണക്കുകൂട്ടൽ.

തുടക്കത്തിൽ കോവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടൺ ഓക്‌സിജൻ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ 50 ആയി ഉയർന്നു. കോവിഡ് ഇതര ആവശ്യം ദിവസേന 45 ടണ്ണാണ്. ഏപ്രിൽ 24-ന് കേരളത്തിന് വേണ്ടിവന്നത് 95 ടൺ ഓക്സിജനാണ്. കേരളത്തിലെ ആശുപത്രികൾ ഓക്‌സിജൻ കിടക്കകളുടെ എണ്ണം കൂട്ടിത്തുടങ്ങിയതോടെ ഇതിനുവേണ്ടിയുള്ള ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ദിവസേന 200 ടണ്ണോളം ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. തമിഴ്‌നാടിന് 90 ടണ്ണും കർണാടകത്തിന് 40 ടണ്ണും കേരളം നൽകുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.