കോവിഡ് രണ്ടാംതരംഗം: വൈറസ് വകഭേദം കേരളം പ്രത്യേകം പഠിക്കും

കോവിഡ് രണ്ടാംതരംഗത്തിൽ സംസ്ഥാനത്ത് പടരുന്നത് ജനിതകവകഭേദം വന്ന കൊറോണ വൈറസ് ആണോ എന്നകാര്യം പ്രത്യേകം പഠനവിധേയമാക്കും. ആൾക്കൂട്ടമാണ് രോഗം വീണ്ടും പടരാൻ കാരണമെന്ന് കരുതുമ്പോഴും പലരാജ്യങ്ങളിലും രണ്ടാംതരംഗത്തിന് കാരണമായത് വൈറസിനുണ്ടായ ജനിതകമാറ്റമാണെന്ന വിലയിരുത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് എല്ലാജില്ലയിൽനിന്നും സാംപിൾ ശേഖരിച്ച് വിദഗ്ധ പഠനം നടത്താൻ ആലോചിക്കുന്നത്.

നിലവിൽ കേരളത്തിൽനിന്നുള്ള സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിദഗ്ധ പരിശോധന നടത്തുന്നുണ്ട്. വൈറസിന്റെ സ്‌പൈക് പ്രോട്ടീൻ സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം നടത്താനുള്ള ശുപാർശകളും പരിഗണനയിലുണ്ട്. ഡൽഹിയിൽ സി.എസ്.ഐ.ആറിനുകീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേർന്നും കൂടുതൽ പഠനം നടത്തും. നേരത്തേ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനതിക ശ്രേണീകരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയിരുന്നു. രോഗകാരണമായ സാഴ്‌സ് കൊറോണ വൈറസ്-2 ആർ.എൻ.എ. വൈറസ് ആയതിനാൽ ജനിതകമാറ്റത്തിലൂടെ വകഭേദം വരാൻ സാധ്യതകൂടുതലാണെന്നാണ് ശാസ്ത്രസമൂഹത്തിന്റെ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.