കോവിഡ് തീവ്രവ്യാപനം: അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഓൺലൈൻ വഴിയാണ് യോഗം. യോഗത്തിൽ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ പങ്കെടുക്കും.

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. ഇതിനിടെ സംസ്ഥാനത്ത് പരിശോധന വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ മാസ് കോവിഡ് പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കാകും ഇത്തരത്തിൽ കൂട്ട കോവിഡ് പരിശോധന നടത്തുക. രാജ്യത്തുടനീളം കോവിഡ് അതിതീവ്രവ്യാപനത്തിലേക്ക് കടന്നതോടെ പല സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. കർഫ്യൂ അടക്കം പലയിടത്തും പ്രഖ്യാപിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.