ഫെബ്രുവരി മുതലുള്ള പുതിയ കോവിഡ് കേസുകൾ കൂടുതലും ചെറുപ്പക്കാരിൽ

കോവിഡ് വ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിൽ ഫെബ്രുവരി മുതലുണ്ടായ പുതിയ കേസുകളിൽ കൂടുതലും 15-നും 44-നും ഇടയ്ക്ക്‌ പ്രായമുള്ളവരിലാണെന്ന് മന്ത്രിതലസമിതി നടത്തിയ അവലോകന യോഗത്തിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിശദീകരിച്ചു. കോവിഡ് മരണം കൂടുതലും സംഭവിച്ചത് 60-നു മുകളിലുള്ളവർക്കാണ്. പതിനൊന്ന് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കേസുകളുടെ 54 ശതമാനം. മഹാരാഷ്ട്രയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനവും ഛത്തീസ്ഗഢിൽ 14 ശതമാനവുമാണ്.

ഏപ്രിൽ എട്ടുവരെയുള്ള കണക്കനുസരിച്ച് രോഗവ്യാപനനിരക്ക് ദേശീയതലത്തിൽ 5.37 ശതമാനമായി ഉയർന്നെങ്കിലും മരണനിരക്ക് 1.28 ശതമാനമേയുള്ളൂവെന്ന് ഹർഷ് വർധൻ പറഞ്ഞു. ദേശീയതലത്തിൽ രോഗമുക്തി നിരക്ക് 91.22 ശതമാനമായി കുറഞ്ഞു. 149 ജില്ലകളിൽ ഒരാഴ്ചയായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് 9.43 കോടി ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. 60-നുമുകളിലുള്ള മൂന്നുകോടിയിലേറെ ആളുകൾ വാക്സിനെടുത്തു. ലോകരാജ്യങ്ങളെയും ഇതിനിടയിൽ നമുക്ക് സഹായിക്കാനാനായെന്ന് ഹർഷ് വർധൻ പറഞ്ഞു. 85 രാജ്യങ്ങളിലായി 6.45 കോടി ഡോസ് വാക്സിൻ കയറ്റിയയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.