കോവിഡ്: അടുത്ത രണ്ടാഴ്ച നിർണായകം

കോവിഡ്-19 വ്യാപനം രാജ്യത്ത് അതിഗുരുതരമായിരിക്കുകയാണെന്നും അടുത്ത രണ്ടാഴ്ച വളരെ നിർണായകമാണെന്നും കേന്ദ്രവും നീതി ആയോഗും മുന്നറിയിപ്പുനൽകി. “എല്ലാ സംസ്ഥാനങ്ങളിലും രോഗം കൂടിവരികയാണ്. സർക്കാരുകളും ജനങ്ങളും അലംഭാവം കാട്ടരുത്. ഇക്കുറി മഹാമാരി കഴിഞ്ഞവർഷത്തേതിനേക്കാൾ രൂക്ഷമാണ്. കോവിഡ് കൂടുതലുള്ള സംസ്ഥാനങ്ങൾ മാത്രമല്ല, മറ്റിടങ്ങളിലും ആർ.ടി.പി.സി.ആർ. പരിശോധനയും വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളും പ്രതിരോധ കുത്തിവെപ്പും ശക്തമാക്കണം” -കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണും നീതി ആയോഗ് അംഗം ഡോ. വിനോദ് പോളും സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ രോഗവ്യാപനവും മരണവും താരതമ്യേന കുറവാണെന്ന് പറയാം. എന്നാൽ, സ്ഥിതി ഗുരുതരമായി മാറുകയാണെന്ന് ഡോ. പോൾ പറഞ്ഞു. രോഗവും മരണവും ഇടയ്ക്കു കുറഞ്ഞിരുന്നു. ചിലയിടങ്ങളിൽ താരതമ്യേന കേസുകൾ കുറവാണെന്നുകരുതി അലംഭാവം പാടില്ല. കേസും മരണവും കൂടാം. കുടുംബങ്ങൾക്കും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നഷ്ടങ്ങൾ സംഭവിക്കും. എന്നാൽ, സമീപഭാവിയിലെ രോഗവ്യാപനത്തെയും അതിന്റെ പ്രത്യാഘാതത്തെയും കുറിച്ച് സർക്കാരിന്റെ കണക്കോ വിലയിരുത്തലോ എന്താണെന്ന ചോദ്യത്തിന് അങ്ങനെ കണക്കാക്കി പറയുന്നത് ശരിയല്ലെന്ന് ഡോ. പോൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.