കോവിഡ്: പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

കോവിഡ്-19 നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിൽ ആവശ്യമായ ഉപദേശ നിർദേശങ്ങൾക്കും സഹായത്തിനുമായി കേരളമടക്കം പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, പശ്ചിമബംഗാൾ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം പോവുക.

വിവിധ മേഖലകളുമായി ബന്ധപ്പെട്ട മൂന്നു വിദഗ്ധർ ഓരോ സംസ്ഥാനവും സന്ദർശിക്കും. ആർ.ടി-പി.സി.ആർ. പരിശോധന കൂട്ടുകയും കൂടുതൽ ജാഗ്രത പുലർത്തുകയും വേണമെന്നാവശ്യപ്പെട്ട് നേരത്തേ കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തെഴുതിയിരുന്നു. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിൽനിന്നു ഡൽഹിക്കു വരുന്നവർ വെള്ളിയാഴ്ച മുതൽ കോവിഡ് നെഗറ്റീവ് സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. ഡൽഹിയിലെത്തുന്നവർ 72 മണിക്കൂർ മുമ്പുള്ള സാക്ഷ്യപത്രം ഹാജരാക്കണം. മാർച്ച് 15 വരെയാണ് ഈ നിബന്ധന. കേരളത്തിൽനിന്ന്‌ നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.