കോവിഡ്: കേരളം അടക്കം നാല് സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ

കോവിഡ് കേസുകളിൽ അടുത്തിടെ വർധന രേഖപ്പെടുത്തിയ കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോവിഡ് കേസുകൾ വർധിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ നാല് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം രാജ്യത്തും എത്തിയ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറയ്ക്കരുത്. മറ്റുസംസ്ഥാനങ്ങൾ നടപ്പാക്കിയ പരിശോധന, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തൽ, ചികിത്സ എന്നിവ ഉൾപ്പെട്ട പദ്ധതി കാര്യക്ഷമമാക്കണം. മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിർദ്ദേശിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.

52,000 സജീവ കേസുകളുള്ള മഹാരാഷ്ട്രയാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിൽ മുന്നിൽനിന്നിരുന്നത്. എന്നാൽ കേരളത്തിൽ സജീവ കേസുകളുടെ എണ്ണം 65,000 ആയി കുതിച്ചുയർന്നിട്ടുണ്ട്. ഛത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും 9000ത്തോളം സജീവ കേസുകളാണ് നിലവിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.