ലോകത്ത്‌ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു; ഇന്ത്യ ഏഴാം സ്ഥാനത്ത്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 5000 പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കോവിഡ് ബാധിച്ച് ലോകത്ത് 3200 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3.73 ലക്ഷം കടന്നു. കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 18.37 ലക്ഷം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. മരണം 1,06,195 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ആകെ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മരണം 30,000 ത്തിലേക്ക് അടുക്കുന്നു. റഷ്യയില്‍ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു. മരണസംഖ്യ 4693 ആയി. മരണനിരക്കില്‍ യുഎസിന് പിന്നില്‍ രണ്ടാമതുള്ള ബ്രിട്ടണില്‍ മരണസംഖ്യ 38,489 ആയി ഉയര്‍ന്നു.

അതേസമയം ലോകത്താകമാനം കോവിഡ് മുക്തരായവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 30.42 ലക്ഷം രോഗികളാണ് ചികിത്സയില്‍ തുടരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.