കോവിഡ് ഭേദമായവർക്ക് ആറ് മാസത്തേക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത കുറവെന്ന് പഠനം

കോവിഡ് ബാധിച്ച് രോഗമുക്തരായവർക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാൻ സാധ്യത വളരെ കുറവാണെന്ന് പഠനം. യു.കെയിലെ കോവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകരിൽ ഓക്സ്‌ഫഡ് സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

രോഗം ഭേദമായ ചിലർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ച ഒറ്റപ്പെട്ട കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡിനെതിരേയുള്ള പ്രതിരോധ ശേഷി കുറച്ചുകാലത്തേക്ക് മാത്രമാണെന്നും രോഗമുക്തരായവർക്ക് ഉടൻതന്നെ വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഈ ആശങ്കകൾ അകറ്റി കോവിഡ് വീണ്ടും വരാനുള്ള സാധ്യത വളരെ അപൂർവ്വമാണെന്ന് അവകാശപ്പെടുന്നതാണ് പുതിയ പഠന റിപ്പോർട്ട്. ഏപ്രിൽ മുതൽ നവംബർ വരെയുള്ള 30 ആഴ്ച കാലയളവിലാണ് ആരോഗ്യപ്രവർത്തകരിൽ പഠനം നടത്തിയത്. ആന്റിബോഡി ഇല്ലാത്ത 11,052 പേരിൽ നടത്തിയ പഠനത്തിൽ 89 പേരിൽ രോഗലക്ഷണങ്ങളോടെ പുതിയ രോഗബാധ കണ്ടെത്തി. എന്നാൽ ആന്റിബോഡിയുള്ള 1,246 പേരിൽ ആർക്കും രോഗലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്തിയിട്ടില്ല.

ആന്റിബോഡിയുള്ളവർക്ക് ലക്ഷണമില്ലാതെ കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു. പഠനത്തിൽ ആന്റിബോഡി ഇല്ലാത്ത 76 പേർ പോസിറ്റീവായപ്പോൾ ആന്റിബോഡിയുള്ള മൂന്ന് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.