സമരങ്ങള്‍ക്കടക്കം കര്‍ശന നിയന്ത്രണം; സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂര്‍ണ് ലോക്ക് ഡൗണിലേയ്ക്ക് കടക്കേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. അതേസമയം രോഗവ്യാപന മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.

സമ്പര്‍ക്കത്തിലൂടെയാണ് സംസ്ഥാനത്ത് 96 ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നത് എന്നത് അതീവഗൗരതരമാണ്. ഈ നില തുടര്‍ന്നാല്‍ വലിയ അപകടത്തിലേയ്ക്കാണ് നാം ചെന്ന് പതിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശികതലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ ഉണ്ടാകണം. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം വേണ്ടിവരും. ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ കക്ഷികളും ആവശ്യപ്പെട്ടു. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നതില്‍ എല്ലാവരും യോജിച്ചു.

പരിപാടികളില്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. വിവാഹം, മരാണാനന്തര ചടങ്ങുകള്‍, മറ്റു പരിപാടികള്‍ ഇതിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി പാലിക്കണമെന്നും പാര്‍ട്ടികള്‍ ഏകാഭിപ്രായത്തോടെ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.