എന്നെ തേടി വന്ന രണ്ട് മരണവാർത്തകൾ

ഇന്ന് എന്നെ തേടി രണ്ട് മരണവാർത്തകൾ വന്നു. ജീവന്റെ വില നമുക്ക് മനസിലാവുന്നത്, സ്വന്തമെന്ന് നാം കരുതുന്ന ആരെങ്കിലും നഷ്ടമാകുമ്പോൾ ആണല്ലോ. അതു തന്നെയാണ് ഇന്ന് എനിക്കും സംഭവിച്ചത്.

സംഭവം 1 – മരണം മൂന്ന്

24 മണിക്കൂറിനുള്ളിൽ എന്റെ ഒരു സുഹൃത്തിന് നഷ്ടപ്പെട്ടത് തന്റെ ഏറ്റവും പ്രിയപ്പെട്ട മാതാപിതാക്കളെയും തന്റെ ജീവന്റെ പാതിയായ, എല്ലാമെല്ലാമായ ഭാര്യയെയുമാണ്. അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും അടങ്ങിയ ഒരു ചെറിയ കുടുംബത്തിൽ സന്തോഷത്തോടെ കളിച്ച് പഠിച്ച് വളർന്നുവന്ന ഒരു പതിമൂന്നുകാരന്‌ നിനച്ചിരിക്കാതെ ഒരു ദിവസം അച്ഛനൊഴികെ തന്റെ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടമായിരിക്കുന്നു!

വാത്സല്യം നിറഞ്ഞ മുത്തശ്ശനെയും മുത്തശ്ശിയെയും, തന്റെ പരിഭ്രമങ്ങളും പരാതികളുമെല്ലാം പറഞ്ഞിരുന്ന എല്ലാമായ അമ്മയെയും അവസാനമായി ഒരു നോക്ക് കാണുവാനോ അന്ത്യചുംബനം നൽകുവാനോ പോലും സാധിക്കാത്ത ആ 13 വയസ്സുകാരന്റെ അവസ്ഥ നമുക്ക് ആലോചിക്കുവാൻ സാധിക്കുന്നതാണോ?

എല്ലാവരെയും പോലെ ആ കുടുംബവും കോവിഡിനെ ഭയപ്പെടുകയും എടുക്കേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എങ്കിലും ഒരു നിമിഷത്തെ ആരുടെയോ അശ്രദ്ധ മൂലം ആ കുടുംബത്തെയും കോവിഡ് ബാധിച്ചു. പ്രതീക്ഷ കൈവിടാതെ അവർ പൊരുതി. എന്നാൽ വിധി മറ്റൊന്നായിരുന്നു. ഇനിയും കോവിഡ് മോചിതനാകാതെ ആശുപത്രിയിൽ കഴിയുന്ന തന്റെ അച്ഛനെയും കാത്തിരിക്കുന്ന ആ 13 വയസ്സുകാരന്റെ മാനസികാവസ്ഥ നമ്മളെ ഏറെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു.

സംഭവം 2 – മരണം ഒന്ന്

മറ്റൊരു കുടുംബത്തിൽ തന്റെ മകളുടെ അടുത്ത് നിന്നും മകനെയും കുടുംബത്തെയും കാണാനായി യാത്ര പുറപ്പെട്ട മാതാപിതാക്കൾ. ഒരുമിച്ചുള്ള സന്തോഷത്തിന്റെ ദിവസങ്ങൾക്കിടയിൽ കോവിഡ് എന്ന അദൃശ്യ ശത്രു ആ കുടുംബത്തെയും പിടിമുറുക്കി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ന്യുമോണിയ കൂടി ഓക്സിജന്റെ അളവ് കുറഞ്ഞ്‌ അമ്മയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. പ്രണവായുവിന്റെ വില മനസിലാക്കി തരുന്ന നിമിഷം. ശരീരം മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങിയപ്പോൾ ആ സ്നേഹനിധിയായ അമ്മ എല്ലാവരെയും അശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോഴും തന്റെ ചിന്തകൾ, വീട്ടിൽ കോവിഡ് ബാധിച്ചിരിക്കുന്ന തന്റെ ഭർത്താവിനെയും മകനെയും മരുമകളെയും പറ്റിയായിരുന്നു. പ്രണവായുവിനായി പിടയുമ്പോഴും “എനിക്ക് പേടിയില്ല, ഇപ്പോൾ കുറവുണ്ട്” എന്ന് പറഞ്ഞ് തന്റെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കാൻ ഈ ഭൂമിയിൽ ഒരമ്മയ്ക്കു മാത്രമേ സാധിക്കൂ. ഈ അമ്മയ്ക്കായി ദൂരെയിരുന്ന് ദിവസങ്ങളോളം പ്രാർത്ഥിച്ചിരുന്ന മകൾക്ക് ഒടുവിൽ കിട്ടിയത് അമ്മയുടെ ചലനമറ്റ ഫോട്ടോ!

അവസാനമായി ഒന്ന് കാണുവാൻ പോലും സാധിക്കാത്ത ഒരു മകളുടെ അവസ്ഥ. 20 ദിവസം മുൻപ്‌ വരെ തന്റെ കൂടെയുണ്ടായിരുന്ന അമ്മ പെട്ടന്ന് ഇല്ലാതാകുന്ന അവസ്ഥ. ആ ശൂന്യത അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാക്കൂ.

നെഞ്ചു പൊട്ടുന്ന വാർത്തകൾ

ഇന്ത്യയിലും ലോകത്തിന്റെ പലഭാഗങ്ങളിലും നിരവധി കുടുംബങ്ങൾ ഇന്ന് ഈ അവസ്ഥയിലാണ്. ഭാര്യയുടെ ജീവനുവേണ്ടി ആശുപത്രികൾ കയറിയിറങ്ങുന്ന ഭർത്താവ്, മക്കളുടെ, മാതാപിതാക്കളുടെ ജീവനുവേണ്ടി പലരും ആശുപത്രികൾ കയറിയിറങ്ങി ഡോക്ടർമാരുടെ കാലുപിടിക്കുന്ന നെഞ്ചു പൊട്ടുന്ന വാർത്തകൾ. ആരോഗ്യപ്രവർത്തകർ നിസ്സഹായരായി പോകുന്ന ഒരു അവസ്ഥയാണിപ്പോൾ. നമ്മുടെ കൊച്ചുകേരളത്തിലും ഏറെ വിദൂരമല്ല ഈ അവസ്ഥ.

ജാഗ്രത നഷ്ടമായിരിക്കുന്നു

ഒരിക്കൽക്കൂടി ഓരോർമ്മപ്പെടുത്തൽ. കൊറോണ വൈറസ് അഥവാ കോവിഡ് 19 ന്റെ രണ്ടാം തരംഗം സംഹാരതാണ്ഡവമാടുന്ന ഈ അവസരത്തിൽ അതിനെ തുരത്താൻ ജാഗ്രതയോടും പക്വതയോടും കൂടെ ഒറ്റക്കെട്ടായി പരിശ്രമിക്കണം. മനുഷ്യന്റെ ഒരു വലിയ പ്രത്യേകതയാണ് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്. അതുകൊണ്ടു തന്നെ കഴിഞ്ഞ വർഷം നമുക്ക് ഉണ്ടായിരുന്ന പേടി ഇന്ന് നമുക്ക് ഇല്ല. പേടിയോ ഭയമോ അല്ല നമുക്ക് വേണ്ടത്, ജാഗ്രതയാണ്. എന്നാൽ ഇന്ന് നമുക്ക് എവിടെയൊക്കെയോ വച്ച് ഈ ജാഗ്രതയും നഷ്ടമായിരിക്കുന്നു. സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ ഇനിയും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ ഓരോരുത്തരും പരസ്പരം ശ്രദ്ധിച്ചാൽ മാത്രമേ ഈ സാഹചര്യത്തെ നേരിടാൻ സാധിക്കൂ. സമൂഹവ്യാപനം എന്ന വലിയ ഒരു പ്രതിസന്ധിയിൽ നമ്മുടെ കൊച്ചുകേരളവും എത്തിയിരിക്കുന്നു. നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും കോവിഡ് വൈറസ് ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.

അകറ്റിനിർത്തേണ്ടത് രോഗികളെയല്ല രോഗത്തെയാണ്. അതിനായി സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൈകൾ കഴുകിയും നമ്മുടെ ജീവിതസാഹചര്യങ്ങളെ ക്രമപ്പെടുത്താം.

അവസാനിമിഷം അരികിൽ ആരുമില്ലാതെ…

ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങളെ പോലും നിസാരമായി കാണരുത്. പനി, തലവേദന, ജലദോഷം, ചുമ, ക്ഷീണം, പേശിവേദന, രുചി അല്ലങ്കിൽ മണം തിരിച്ചറിയാൻ പറ്റാതാകുക, ശ്വാസതടസം ഉണ്ടാകുക ഇവയാണ് സാധാരണ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ. ഓർമ്മിക്കുക, ചിലരിൽ യാതൊരുവിധ രോഗലക്ഷണങ്ങളും ഉണ്ടാവുകയില്ല. ആരെയും പഴിപറയാതെ ആരോഗ്യപ്രവർത്തകർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുമ്പോൾ ആരോഗ്യപ്രവർത്തകർ നിസ്സഹായരാണ്. എനിക്ക് ഇതൊന്നും വരില്ല എന്ന് പറഞ്ഞുനടക്കാതെ എനിക്ക് വന്നാൽ നഷ്ടം എന്റെ കുടുംബത്തിന് മാത്രമാണ് എന്ന് കരുതി സൂക്ഷിക്കുക. അവസാന നിമിഷം അരികിൽ ആരുമില്ലാതെ മരിക്കേണ്ടിവരുന്ന ഭീകരമായ അവസ്ഥ നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്.

കോവിഡ് വൈറസിനെ ചെറുത്തുനിൽക്കാൻ എല്ലാവരും വാക്സിൻ എടുക്കാൻ തയ്യാറാകുക. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ച് ശരീരത്തിൽ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുക (എന്റെ വീട്ടിലെ അടുപ്പ് പുകയുമ്പോൾ അയൽവീട്ടിലെ അടുപ്പ് പുകയുന്നോ എന്ന് ചിന്തിക്കാനും മറക്കരുത്). എന്റെ ചെറിയ ഒരു അശ്രദ്ധ കൊണ്ടു പോലും മറ്റുള്ളവർക്ക് രോഗം പകരാൻ ഇടയാക്കാതിരിക്കുക. പല പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്ത നമ്മൾ ഇതും തരണം ചെയ്യും. അതിനായി ഒരുമയോടെ ജാഗ്രതയോടെ പരിശ്രമിക്കാം.

സി. ലിബി ജോര്‍ജ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.