യുഎസില്‍ ആറാഴ്ചകൊണ്ട് മരണം പതിനായിരം കടന്നു; ലോകത്ത് രോഗബാധിതര്‍ 13.5 ലക്ഷം

യു.എസില്‍ വരാനിരിക്കുന്നത് മരണത്തിന്റെയും വേദനയുടെയും ഒരാഴ്ചയാണെന്ന് ജനങ്ങള്‍ക്ക് വൈറ്റ് ഹൗസ്‌ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ രാജ്യത്തെ മരണം പതിനായിരം കടന്നു. വെറും ആറാഴ്ചകൊണ്ടാണ് യുഎസില്‍ മരണം പതിനായിരം കടന്നത്. ലക്ഷണങ്ങളില്ലാതെയുള്ള വൈറസ് ബാധ രോഗവ്യാപനം വര്‍ധിപ്പിക്കുകയാണ്. രോഗവ്യാപനത്തിന്റെ വ്യാപ്തി ഇപ്പോഴും ശരിയായി മനസ്സിലാക്കാനായിട്ടില്ലെന്ന് യു.എസ്. പൊതുജനാരോഗ്യ വിഭാഗം വ്യക്തമാക്കി.

367,004 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 19,671 പേര്‍ മാത്രമേ രോഗമുക്തി നേടിയിട്ടുള്ളൂ. മരണം 10,817 ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 1255 പേരാണ് മരിച്ചത്. ആകെ മരണത്തില്‍ ഇറ്റലിയും സ്‌പെയിനുമാണ് യുഎസിന് മുന്നിലുള്ളത്. ഈ രണ്ട് രാജ്യങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പെയിനില്‍ 700 ഉം ഇറ്റലിയില്‍ 636 ഉം മരണങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ആകെ മരണം 16523 ആയി. സ്‌പെയിനില്‍ 13341 .

യുഎസ് കഴിഞ്ഞാല്‍ ഫ്രാന്‍സിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 833 മരണം ഇവിടെയുണ്ടായി. ഇതോടെ ഫ്രാന്‍സിലെ ആകെ മരണം 8,911 ആയി. യുകെയില്‍ ഇന്നലെ 439 പേര്‍ മരിച്ച് മൊത്തം മരണം 5373 ആയിട്ടുണ്ട്. ഇതിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ഇന്ത്യയിൽ കോവിഡ് ബാധിച്ച് 52 പേർ മരിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 868 ആയി. 498 രോഗികളും മുംബൈയിൽ നിന്നാണ്; മരിച്ചവരിൽ 34 പേരും. ഇന്നലെ മാത്രം 121 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ ഒരു മലയാളിക്കു കൂടി രോഗം സ്ഥിരീകരിച്ചു. ജർമനിയിൽ നിന്ന് എത്തിയ എറണാകുളം ഇടക്കൊച്ചി സ്വദേശിനി(62)യാണ്. കേരളത്തിൽ ഇന്നലെ 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ലോകത്താകമാനം കൊറോണബാധിതരുടെ എണ്ണം 1,346,566 ആയിട്ടുണ്ട്. മരണം 74,697 ആണ്. രോഗത്തില്‍ നിന്ന് ഇതുവരെ 278,695 പേരാണ് മോചിതരായത്.