കോവിഡ്‌ രണ്ടാം തരംഗം: ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി കര്‍മ്മരേഖ തയ്യാറാക്കി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ്‌ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനായി കര്‍മ്മരേഖ തയ്യാറാക്കി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ അതിരൂപതയിലെ പതിനാലു ഫൊറോനകളുടെയും സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും വിദേശത്തും സ്വദേശത്തും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെയും സംയുക്തയോഗത്തില്‍ ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ മനസ്സിലാക്കി കര്‍മ്മപദ്ധതികള്‍ക്കു രൂപം നല്‍കണമെന്ന തീരുമാനത്തിന്റെ വെളിച്ചത്തിലാണ്‌ ജി.ഡി.എസ്‌ പ്രത്യേക യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കിയത്‌.

കോട്ടയം അതിരൂപതാ വികാരി ജനറാളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പടമുഖം ഫൊറോന വികാരി ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ പടമുഖം ഫൊറോനയിലെ വിവിധ ഇടവകകളിലെ വൈദികരും സമര്‍പ്പിത പ്രതിനിധികളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി ബോര്‍ഡ്‌ അംഗങ്ങളും ഗ്രാമതല അനിമേറ്റേഴ്‌സും സമുദായ സംഘടനകളുടെ ഫൊറോന ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. നിലവിലെ സാഹചര്യങ്ങള്‍ യോഗം സമഗ്രമായി വിലയിരുത്തുകയും ക്രിയാത്മകമായ പ്രതിരോധ രോഗീപരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപം നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുവാന്‍ തീരുമാനിക്കുകയും ചെയ്‌തു.

ഗവണ്‍മെന്റ്‌ പ്രവര്‍ത്തനങ്ങളോട്‌ പൂര്‍ണ്ണമായി സഹകരിച്ച്‌ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക, അത്യാവശ്യ സ്ഥലങ്ങളില്‍ ആവശ്യമായ ഭക്ഷണകിറ്റുകള്‍ ലഭ്യമാക്കുക, മരുന്നുകളും ഇതര മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുക, ടെലി-കൗണ്‍സലിംഗ്‌ സൗകര്യം സജ്ജമാക്കുക, ഫൊറോന സെല്ലിന്‌ തുടക്കം കുറിക്കുക, സാന്ത്വന രോഗീപരിചരണം, കോവിഡ്‌ മൃതസംസ്‌ക്കാര ശുശ്രൂഷയുള്‍പ്പടെയുള്ള സേവങ്ങള്‍ക്കായി അഞ്ച്‌ പേരടങ്ങുന്ന ടാസ്‌ക്ക്‌ ഫോഴ്‌സിനെ ഓരോ ഗ്രാമത്തിലും രൂപപ്പെടുത്തുക, അടിയന്തര ഇതര സഹായങ്ങള്‍ ലഭ്യമാക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഇതിനാവശ്യമായ വിഭവസമാഹരണം ഇടവക പ്രദേശങ്ങളില്‍ നിന്നും സുമനസ്സുകളില്‍ നിന്നും നടത്തുവാന്‍ തീരുമാനമായി. കര്‍മ്മപദ്ധതികള്‍ക്ക്‌ മെയ്‌ 13-ന്‌ തുടക്കം കുറിക്കുമെന്ന്‌ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി വൈസ്‌ പ്രസിഡന്റ്‌ ഫാ. ജോബി പുച്ചൂകണ്ടത്തില്‍, സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌ എന്നിവര്‍ അറിയിച്ചു.

ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌, സെക്രട്ടറി, ജി.ഡി.എസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.