കോവിഡ്‌ അതിജീവന കര്‍മ്മപദ്ധതികളുമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സും ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷനും

കോട്ടയം അതിരൂപതയിലെ അത്മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കോവിഡ്‌ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനായി കര്‍മ്മരേഖ തയ്യാറാക്കി. വിവിധ ആലോചനകള്‍ക്കുശേഷം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നല്‍കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ്‌ പ്രായോഗിക കര്‍മ്മപരിപാടികള്‍ക്കു സംഘടനകള്‍ രൂപം നല്‍കിയത്‌.

കോവിഡ്‌ അനുബന്ധ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് അതിരൂപതയിലുടനീളം സഹായകമാകത്തക്കവിധം ക്‌നാനായ ഹെല്‍പ് ഡെസ്‌കിന്റെ സേവനങ്ങള്‍ വിപുലീകരിക്കല്‍, കൂടുതല്‍ അംഗങ്ങളെ ഉള്‍ച്ചേര്‍ത്ത്‌ രക്തദാനസേന വിപുലീകരിക്കല്‍, ടാസ്‌ക്‌ ഫോഴ്‌സിലെ പങ്കാളിത്തം, വോളണ്ടിയേഴ്‌സ്‌ ഫോറത്തിലൂടെ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, കോവിഡ്‌ ബാധിച്ച കുടുംബങ്ങള്‍ക്കും കോവിഡ്‌ മൂലം മരണം സംഭവിച്ച കുടുംബങ്ങള്‍ക്കും മരുന്നുകളും ഭക്ഷണസാധനങ്ങളും ഉപവരുമാന മാര്‍ഗ്ഗങ്ങള്‍ക്കാവശ്യമായ സഹായങ്ങളും ലഭ്യമാക്കല്‍, ചികിത്സാസഹായവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുക, വാക്‌സിനേഷനു പ്രചോദനം നല്‍കുക, കോവിഡ്‌ ബാധിതരായ കുടുംബങ്ങളെ ഫോണിലൂടെ ബന്ധപ്പെട്ട്‌ ആശയവിനിമയം നടത്തുകയും അവര്‍ക്ക്‌ മാനസിക പിന്തുണ നല്‍കുകയും ചെയ്യുക, മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അതിരൂപത ലഭ്യമാക്കുന്ന കൗണ്‍സലിംഗ്‌ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുക, വിദേശരാജ്യങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രവാസികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ ബന്ധുജനങ്ങളില്ലാതെ രോഗികളായി കഴിയുന്നവര്‍ക്കും പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്കും അതതു സ്ഥലത്തെ ക്‌നാനായ അസോസിയേഷനുമായി ബന്ധപ്പെട്ട്‌ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുക, കോവിഡ്‌ മരണമുണ്ടാകുന്ന കുടുംബങ്ങളില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും വേണ്ട ഇടപെടലുകളും തുടര്‍ കരുതല്‍പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുക തുടങ്ങിയവയാണ്‌ കെ.സി.സിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌.

ആവശ്യമുള്ള ഭവനങ്ങളില്‍ പൊതിച്ചോറുകളും ആവശ്യമായ ഭക്ഷണസാധനങ്ങളും ലഭ്യമാക്കുക, ആരോഗ്യമേഖലയില്‍ പ്രവൃത്തിപരിചയമുള്ള കെ.സി.ഡബ്ല്യു.എ അംഗങ്ങളെ ടാസ്‌ക്‌ ഫോഴ്‌സില്‍ ഉള്‍പ്പെടുത്തുക, ഉന്നത പഠനസൗകര്യത്തിന് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്‌ സാധ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്‌ കെ.സി.ഡബ്ല്യു.എ നടപ്പിലാക്കുന്നത്‌. ഓണ്‍ലൈനായി സംഘടിപ്പിച്ച അത്മായ സംഘടനകളുടെ നേതൃസംഗമത്തില്‍ അതിരൂപതാ വികാരി ജനറാളും കെ.സി.സി. കെ.സിഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ കര്‍മ്മരേഖകള്‍ പ്രകാശനം ചെയ്‌തു.

ഷൈനി സിറിയക്‌ (സെക്രട്ടറി, കെ.സി.ഡബ്ല്യു,എ)
ബിനോയി ഇടയാടിയില്‍ (സെക്രട്ടറി. കെ.സി.സി)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.