കുഞ്ഞുങ്ങളെ ദൈവസംരക്ഷണത്താല്‍ പൊതിയാന്‍ ബൈബിളില്‍ നിന്ന് ഒരു പ്രാര്‍ത്ഥന

    ഇന്ന് ലോകത്ത് നടക്കുന്നതൊക്കെ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ്. ഓരോ ദിവസവും നമുക്കുചുറ്റും സംഭവിക്കുന്നത് ഭയാനകമായ കാര്യങ്ങളാണ്. ഇത്തരം ഒരു ലോകത്തില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കണ്‍മുമ്പില്‍ നിന്ന് അകന്നിരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള വേവലാതികള്‍ ധാരാളമാണ്. എന്തിന്, മക്കള്‍ വീട്ടില്‍ നിന്ന് പോയിട്ട്, തിരിച്ച് വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ മാത്രമേ പല മാതാപിതാക്കളുടെയും ശ്വാസം പോലും നേരെ വീഴുകയുള്ളു.

    ഇന്നത്തെ ഈ കാലത്തിന്റെ ഇത്തരം ഭീതിപ്പെടുത്തുന്ന ചുറ്റുപാടുകളില്‍ നിന്നും നമുക്ക് കുഞ്ഞുങ്ങളെ എത്രത്തോളം സംരക്ഷിക്കാം എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ അവിടെയും ഉത്തരം നല്കാന്‍ ശക്തമായ ഒരുവന്‍ നമുക്ക് മുമ്പിലുണ്ട് – ദൈവം. ആ ശക്തമായ കരങ്ങളുടെ സംരക്ഷണത്തിലേയ്ക്ക് കുഞ്ഞുങ്ങളെ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ലോകത്തിലെ ഒരു ദുഷ്ടശക്തിക്കും അവരെ തൊടുവാന്‍ കഴിയുകയില്ല. അവര്‍ എവിടെപ്പോയാലും മാതാപിതാക്കളില്‍ നിന്ന് എത്ര അകലെ ആയിരുന്നാലും ദൈവത്തിന്റെ ശക്തമായ കരവലയത്തിനുള്ളിലായിരിക്കും അവര്‍.

    ദൈവത്തിന്റെ ശക്തമായ കരങ്ങളിലേക്ക് കുഞ്ഞുങ്ങളെ സമര്‍പ്പിക്കുന്നതിനുള്ള മനോഹരമായ ഒരു പ്രാര്‍ത്ഥന പഴയനിയമത്തില്‍ സംഖ്യാപുസ്തകത്തില്‍ ഉണ്ട്. ഇസ്രായേല്‍ മക്കളെ ദൈവത്തിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ചുകൊണ്ട് പുരോഹിതന്‍ ചൊല്ലിയിരുന്ന പ്രാര്‍ത്ഥനയാണ് ഇത്. മാതാപിതാക്കള്‍ എന്ന നിലയില്‍ ഈ പ്രാര്‍ത്ഥന ചൊല്ലി മക്കള്‍ക്ക് ആശീര്‍വാദം നല്‍കുവാന്‍ അപ്പനും അമ്മയ്ക്കും അവകാശമുണ്ട്. അതിനാല്‍ പഠിക്കുവാനായി, യാത്രയ്ക്കായി, കളിക്കുവാനായി ഒക്കെ വീടിനു പുറത്തേയ്ക്കിറങ്ങുന്ന മക്കളുടെ തലയില്‍ കൈകള്‍ വച്ചുകൊണ്ട് മാതാപിതാക്കള്‍ക്കും ഈ പ്രാര്‍ത്ഥന ചൊല്ലാം. ആ ശക്തമായ പ്രാര്‍ത്ഥന ഇതാ:

    ‘കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്ന് നിന്നില്‍ പ്രസാദിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് കരുണയോടെ കടാക്ഷിച്ച് നിനക്ക് സമാധാനം നല്‍കട്ടെ. നല്ലവനായ ദൈവം നിന്നെ അനുഗ്രഹിക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ നിന്നെ സംരക്ഷിക്കുകയും ചെയ്യട്ടെ. ആമ്മേന്‍’

    കുഞ്ഞുങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഈ പ്രാര്‍ത്ഥന ചൊല്ലി അവരുടെ നെറ്റിയില്‍ കുരിശടയാളം വരച്ച് അവരെ അനുഗ്രഹിച്ചയയ്ക്കാം. തിന്മകളുടെ ആവാസകേന്ദ്രമായ ലോകത്തില്‍ അവര്‍ എവിടെയായിരുന്നാലും ദൈവത്തിന്റെ ശക്തമായ കരത്തിനുള്ളില്‍, അവിടുത്തെ സംരക്ഷണത്തില്‍ ആയിരിക്കട്ടെ.