പ്രസിദ്ധമായ 25 ക്രിസ്തുമസ് പാട്ടുകളുടെ കവർ വേഷനുകളായി, പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻസ് ക്രിസ്തുമസ് കാലം കീഴടക്കിയ കഥ

ക്രിസ്തുമസ് രാവണഞ്ഞ നേരം, രാത്രി രാത്രി രജത രാത്രി, കണ്ടൂ ദൂരെ, ദൈവം പിറക്കുന്നു തുടങ്ങിയ ക്രിസ്തുമസിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന, മനസ്സിൽ മഞ്ഞിന്റെ കുളിരും ആർദ്രതയും നിറയ്ക്കുന്ന അനേകം ഗാനങ്ങൾ ഉണ്ട്. ക്രിസ്തുമസ് ദിനങ്ങളെ ആനന്ദമയമാക്കുന്ന ഈ ഗാനങ്ങളുടെ കവർ വേർഷനുകളുമായി എത്തിയിരിക്കുകയാണ് പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻ. ക്രിസ്തുമസിന്റെ 25 ദിവസങ്ങളെ ധ്യാനാത്മകമാക്കിയ ഈ വ്യത്യസ്ത ആശയത്തിന് പിന്നിലെ വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്കു ഒപ്പം ചേരുകയാണ് എറണാകുളം- അങ്കമാലി രൂപതയിലെ ഫാ. ജേക്കബ് കോരോത്ത്…

ഇന്നത്തെ സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് പാട്ടുകളുടെ കവർ വേർഷനുകൾ. കവർ വേർഷനുകൾക്കു ആളുകളുടെ ഇടയിൽ ഉള്ള സ്വീകാര്യത മനസിലാക്കിയ ഫാ. ജേക്കബ് കോരോത്ത് അച്ചനും ജെയിംസ് തൊട്ടിയിൽ അച്ചനും ആ സാധ്യതയെ ക്രിസ്തുമസിന്റെ സന്ദേശം പകർന്നു നൽകുന്നതിനായി ഉപയോഗിക്കുകയായിരുന്നു. ഒന്നോ രണ്ടോ കവർ വേർഷനുകൾ തയ്യാറാക്കുന്നതിന് പകരം ഡിസംബർ ഒന്നാം തീയതി മുതൽ ഇരുപത്തി അഞ്ചാം തീയതി വരെ എല്ലാ ദിവസങ്ങളിലും ഒരു സന്ദേശവും പകർന്നു ആ പാട്ടുകൾ എത്തി. വ്യത്യസ്ത സാഹചര്യങ്ങളിൽ ഉള്ളവരുടെ ഇടയിൽ നിന്ന്.

ഒക്ടോബർ, നവംബർ മാസങ്ങളിൽ ആയി ഈ കവർ സോങ്ങുകൾ തയ്യാറാക്കുന്നതിനുള്ള ആലോചനകളിലായിരുന്നു ഈ വൈദികരും സംഘവും. ക്രിസ്തുമസിനു ഒരുക്കം എന്ന രീതിയിൽ അർത്ഥപൂർണ്ണമായ ക്രിസ്തുമസ് പാട്ടുകൾ തിരഞ്ഞെടുത്തു. ഈ കവർ വേർഷനുകൾ പാടുന്നതിനായി കുട്ടികളെ തിരഞ്ഞെടുത്തത് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നാണ്. ക്രൈസ്തവർ അല്ലാത്തവരും പാടുന്നുണ്ട്. സാഹചര്യങ്ങൾ ലഭിക്കാത്തതു മൂലം അറിയപ്പെടാതെ പോയ കുട്ടികൾ, പല പ്രായക്കാർ, പല സാഹചര്യങ്ങളിൽ നിന്നുള്ള ആളുകൾ എന്നിവർ ഈ കവർ വേർഷന്റെ ഭാഗമായി.

അതുപോലെ തന്നെ ഒരോ പാട്ടും ചെയ്തിരിക്കുന്ന ആശയവും വളരെ വ്യത്യസ്തമാണ്. പാട്ടിന്റെ രീതി അനുസരിച്ച് ചേരിയിലും മലകളിലും വെള്ളത്തിലും പാടങ്ങളിലും ഒക്കെയായിട്ടാണ് പാട്ടുകൾ ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ വിവിധ മേഖലകളിലേയ്ക്കും എല്ലാ മനുഷ്യരിലേക്കും ക്രിസ്തുമസ് കടന്നു ചെല്ലുന്നു എന്ന വലിയ ആശയമാണ് ഇതിലൂടെ ഈ വൈദികർ ലക്ഷ്യം വച്ചത്. ഈ വൈദികരുടെ ആശയങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഡൊമിനിക് സാവ്യോ (ക്യാമറ), സെബാസ്റ്റ്യൻ വർഗ്ഗീസ് (ഓർക്കസ്‌ട്രേഷൻ), സ്റ്റാനി സ്റ്റീഫൻ(എഡിറ്റിംഗ് & കളറിംഗ്) എന്നിവരും ഒപ്പം നിന്നു. പാടുന്നവരുടെ സ്ഥലം ഏതാണോ അതനുസരിച്ച് അവിടെയുള്ള സ്റ്റുഡിയോകളിലായി റിക്കോർഡിങ് പൂർത്തിയാക്കി.

സഹോദരങ്ങളായ നോയൽ, നെവിൻ, നൈലിൻ എന്നിവർ ആദ്യ ഗാനത്തിൽ പാടുന്നു. നേഹ മരിയ ജിജി, ആഞ്ചലീന ഡേവിഡ്, ബിൻ‌ഹ റോസ്, എലിസബത്ത് ആൻ ടോം, തെരേസ ജോർജ്ജ് പുല്ലൻ, സെബാസ്റ്റ്യൻ വർ‌ഗീസ്, ടീന ടോമി, അലീഷ മെറിൻ ഡേവിസ്, സി. റിൻ‌സി എസ്ഡി, അഭിഷേക് എംജെ, ഫെമിന വിനോബി തോമസ്, ഫാ. റെക്സ് ജോസഫ് അരക്കപ്പരമ്പിൽ, മെർലിൻ ജിയോമി രാജേഷ്, മരിയ ജിയോമി രാജേഷ്, പാർത്തിപാൻ, സനൂപ് ജോയ്, ആശിഷ് ഷാബി, ദിനിയ മെൽവിൻ, സ്നേഹ സുബ്രഹ്മണ്യൻ, മിത്ര ട്വിങ്കിൾ, നേഹ ചാവറ, ലിജി ഫ്രാൻസിസ്, സെബ ടോമി, ടെസ്സ ചാവറ, ഉദയ ബാൻഡ് എന്നിവർ ക്രിസ്തുമസിന്റെ 25 ദിവസങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന ഈ കവർ വേർഷൻ സീരിസിന്റെ ഭാഗമായി മാറിയിരിക്കുന്നു.

ക്രിസ്തുമസ് സന്തോഷത്തിന്റെ നാളുകളാണ്. ഈ സന്തോഷവും അതിന്റെ ചൈതന്യവും അനേകരിലേയ്ക്കും പല മതസ്ഥരായ ആളുകളിലേയ്ക്കും എത്തിക്കുന്നതിനായി ആധുനിക ലോകത്തിന്റെ ഇഷ്ടങ്ങളെ കൂട്ട് പിടിക്കുകയാണ് ഈ വൈദികർ. ഒരു നവ സുവിശേഷ ഉപാധിയെന്നോണം ക്രിസ്തുമസിന്റെ സന്ദേശങ്ങളുമായി ഇവർ തയ്യാറാക്കിയ കവർ വേർഷനുകൾ നിരവധി ആളുകളിലേക്ക്‌ എത്തിക്കഴിഞ്ഞു. ഇനിയും ഇതുപോലെ ദൈവത്തിനായി പ്രവർത്തിക്കുവാൻ സംഗീതത്തെ സ്നേഹിക്കുന്ന, ആധുനിക മാധ്യമങ്ങളെ കൂട്ട് പിടിക്കുന്ന ഈ വൈദികർക്ക് കഴിയട്ടെ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.