ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒപ്പം നിന്ന ദമ്പതികൾ

20 വർഷങ്ങൾക്കു മുൻപ് ജാവിയറിന് ഗുരുതരമായ ഒരു വാഹനാപകടമുണ്ടായി. ആ അപകടം അദ്ദേഹത്തെ ഒരു വീൽ ചെയറിൽ ഒതുക്കി. ഒരു 26 -കാരനെ സംബന്ധിച്ചിടത്തോളം അത് വളരെ നിരാശാജനകമായിരുന്നു.

സ്‌പെയിനിലെ വലൻസിയയിൽ ഗ്രാഫിക് ആർട്ട് ബിസിനസ്സിൽ ജോലി ചെയ്യുകയായിരുന്ന ജാവിയർ, ജോലി കഴിഞ്ഞു തിരികെ പോവുകയായിരുന്നു. അന്ന് മഴയുണ്ടായിരുന്നു. ഒരു ട്രക്ക് വരുന്നതു കണ്ട അദ്ദേഹം കാർ പെട്ടന്ന് വെട്ടിച്ചപ്പോൾ എതിർപാതയിലേക്ക് തെന്നിമാറി. പിന്നീട് ആഴ്ചകൾ നീണ്ട കഠിനമായ സഹനങ്ങളായിരുന്നു ജാവിയറിന് നേരിടാനുണ്ടായിരുന്നത്.

ട്രാവൽ ഏജന്റ് ആയിരുന്ന ബെഗോണ എന്ന പെൺകുട്ടിയുമായി ജാവിയർ അപ്പോൾ  സ്നേഹത്തിലായിരുന്നു. ബെഗോണ ആ സമയത്ത് തന്റെ പ്രിയപ്പെട്ടവനു വേണ്ടി പ്രാർത്ഥിച്ചു. ‘സഹനത്തിന്റെ അവസാനം കുരിശല്ല, ഉത്ഥാനമാണ്’ എന്നു പറഞ്ഞ വി. ജോസ് മരിയയോടായിരുന്നു ബെഗോണ മാദ്ധ്യസ്ഥം അപേക്ഷിച്ചത്. അവൾ തന്റെ പ്രിയപ്പെട്ടവന്റെ സഹനങ്ങളിൽ കൂടെ നിന്നു. “ജാവിയറിന് ഗുരുതരമായി പരിക്കേറ്റു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം അത് അതിജീവിച്ചതു പോലും ഒരു വലിയ അത്ഭുതമാണ്” – ബെഗോണ പറയുന്നു.

രണ്ടു വർഷത്തിനു ശേഷം എല്ലാവരുടെയും ഉപദേശത്തിനു വിരുദ്ധമായി അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അവൾ തന്റെ തീരുമാനം ജാവിയറിനെ അറിയിച്ചത് ഇപ്രകാരമായിരുന്നു: “ഞാൻ നിങ്ങളുടെ പരിചാരികയോ നഴ്‌സോ അല്ല; ഞാൻ നിങ്ങളുടെ ഭാര്യയാകാനാണ് പോകുന്നത്.” ഒരു ഭാര്യയായിത്തന്നെ അവൾ ജാവിയറിനെ പ്രത്യേകം ശ്രദ്ധിച്ചു.

“ഞങ്ങളുടെ വിവാഹ ഉടമ്പടിയിൽ ‘ആരോഗ്യത്തിലും അനാരോഗ്യത്തിലും നിങ്ങൾ പരസ്പരം സ്നേഹിക്കാൻ തയാറാണോ’ എന്ന ചോദ്യം പുരോഹിതൻ ചോദിച്ചപ്പോൾ ‘ഇതിനോടകം ഞങ്ങൾ ഉത്തരം നൽകിക്കഴിഞ്ഞിരിക്കുകയാണ്’ എന്നായിരുന്നു ഞങ്ങൾ മറുപടി പറഞ്ഞത്.”

അവരുടെ വിവാഹദിനത്തിൽ നവദമ്പതികൾ ഒരുമിച്ച് നൃത്തം ചെയ്തു. ജാവിയറിന്റെ വീൽ ചെയറിൽ ചവിട്ടിനിന്നായിരുന്നു ബെഗോണ നൃത്തം ചെയ്തത്. അവിടെ എത്തിച്ചേർന്ന എല്ലാവർക്കും ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നു ഈ വിവാഹം. ഒരു വിവാഹത്തിലും ഇത്ര മനോഹരമായ നൃത്തം കണ്ടിട്ടില്ലെന്ന് അവരുടെ സുഹൃത്തുക്കൾ ഇരുവരെയും പ്രശംസിച്ചു.

ഇന്ന്, 18 വർഷങ്ങൾക്കു ശേഷം ബെഗോണയും ജാവിയറും കൗമാരക്കാരിയായ ഒരു മകളുടെ മാതാപിതാക്കളാണ്. “അവൾ കുഞ്ഞായിരുന്നപ്പോൾ ഞാൻ അവളെ എന്റെ വീൽ ചെയറിലിരുത്തിയായിരുന്നു സ്‌കൂളിലേക്ക് കൊണ്ടുപോകുകയും തിരിച്ചു കൊണ്ടുവരികയും ചെയ്തിരുന്നത്” – ജാവിയർ പറയുന്നു.

ഇന്ന് ഇവരുടെ മകൾ മിടുക്കിയായ ഒരു സ്‌കേറ്റർ ആണ്. സ്‌കേറ്റ് ചെയ്തുകൊണ്ട് അവൾ തന്റെ പിതാവിന്റെ അരികിലേക്കെത്തുന്നു. “അവൾക്ക് അവളുടെ ആത്മവിശ്വാസം അവളുടെ ഡാഡി ആണ്” – ബെഗോണ പറയുന്നു.

ബെഗോണ ശക്തയായ ഒരു സ്ത്രീയാണ്. ജാവിയറിനും വളരെയധികം ധൈര്യമുണ്ട്. റെഡ് ക്രോസ്സിന്റെ സന്നദ്ധപ്രവർത്തകനും പരിക്കേറ്റവരുടെ അസോസിയേഷനിലെ ബോർഡ് അംഗവുമാണ് ജാവിയർ. അദ്ദേഹത്തെപ്പോലെ സമാനമായ പരിക്കുകൾ പറ്റിയ നിരവധിയാളുകൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് അദ്ദേഹം. അതു കൂടാതെ, ബെഗോണയ്‌ക്കൊപ്പം കുടുംബവികസന കോഴ്‌സുകൾ സംഘടിപ്പിക്കാനും സഹായിക്കുന്നുണ്ട്.

“വിവാഹിതരായ ദമ്പതികൾക്ക് രൂപീകരണം ആവശ്യമാണ്. കാരണം പലരും പ്രണയത്തെ വളരെ ദരിദ്രമായ കാര്യങ്ങളുമായി ചേർത്ത് ആശയക്കുഴപ്പത്തിലാക്കുന്നു. ബുദ്ധിമുട്ടുകൾ നേരിടാനും മറികടക്കാനും കഴിയുമെന്ന് അവരോട് പറയേണ്ടതുണ്ട്. പരസ്പരം സംസാരിക്കുന്നതിലൂടെയും അനുഭവങ്ങൾ പങ്കിടുന്നതിലൂടെയും നിങ്ങൾ ആരംഭിക്കണം. ജീവിതത്തിന് എപ്പോഴും വേദനയുണ്ടാകും. കഷ്ടപ്പാടുകളെ നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ജീവിതവിജയം” – ജാവിയർ പറയുന്നു.

നിസ്സാരകാര്യത്തിനു പോലും പരസ്പരം വഴക്കു കൂടുകയും വേർപിരിയുകയും ചെയ്യുന്ന നിരവധി ദമ്പതികളുള്ള ഈ കാലഘട്ടത്തിൽ എല്ലാ കുടുംബജീവിതക്കാർക്കും അനുകരിക്കാവുന്നവരാണ് ജാവിയർ-ബെഗോണ ദമ്പതികൾ. അതെ, സഹനങ്ങളുടെ അവസാനം കുരിശല്ല, ഉത്ഥാനമാണെന്ന് ഈ ദമ്പതികൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.