82 വർഷമായി ദാമ്പത്യ ജീവിതത്തിന്റെ വിശുദ്ധ പരിമളം പരത്തുന്ന ദമ്പതിമാർ

‘സ്നേഹം ഒരു ദിവസം അല്ലെങ്കിൽ ഒരിക്കലും അവസാനിക്കുന്നില്ല’ എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്ന ദമ്പതികളാണ് ബെർത്തേയും മാഴ്സലും. ദാമ്പത്യ ജീവിതത്തിന്റെ 82 വർഷങ്ങൾ പിന്നിടുന്ന ഇരുവരും തങ്ങളുടെ സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യം പങ്കുവെയ്ക്കുകയാണ്. ദീർഘകാലമായിട്ട് ദാമ്പത്യ ബന്ധം നയിക്കുന്ന ദമ്പതികൾ എന്ന ഖ്യാതിയും ഇവർക്കുള്ളതാണ്.

ഒരു സായാഹ്നത്തിൽ ഒരു ബോൾ നൃത്തവേദിയിൽ വെച്ച് ആണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ആ സമയം ഒരു ഡോക്ടറുടെ ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ബെർത്ത. പിന്നീട് മാഴ്‌സെലിനു ഒരു ബൈസൈക്കിൾ അപകടം സംഭവിച്ച് ഡോക്ടറെ കാണാൻ എത്തിച്ചേർന്നപ്പോൾ ആ ഓഫീസിൽ വെച്ച് അവർ ഇരുവരും വീണ്ടും കണ്ടുമുട്ടി. കുറച്ചു മാസങ്ങൾക്ക് ശേഷം 1938 നവംബർ 26 നു ഇരുവരും വിവാഹിതരായി. അന്ന് തന്നെയായിരുന്നു ബെർത്തെയുടെ പതിനെട്ടാം ജന്മദിനവും. “അന്ന് മഴ പെയ്യുന്നുണ്ടായിരുന്നു,” ഇരുവരും ഇപ്പോഴും ആ ദിനത്തെപ്പറ്റി തെളിമയോടെ ഓർമ്മിക്കുന്നുണ്ട്. അതിതീവ്രമായ ആഗ്രഹത്തോടെയായിരുന്നു ഞങ്ങൾ ജീവിതം ആരംഭിച്ചത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സ്നേഹം പാറമേലാണ് പണിതിരിക്കുന്നതെന്നു ഞങ്ങൾക്ക് മനസ്സിലായി,” ഇരുവരും പറയുന്നു.

ഈ 82 വർഷത്തിനിടയിൽ അവർ അഞ്ചുവർഷക്കാലം പിരിഞ്ഞിരുന്നു; അതും ഇരുവരുടെയും സമ്മതമില്ലാതെ തന്നെയായിരുന്നു. വിവാഹശേഷം രണ്ടുപേരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുമ്പോഴായിരുന്നു രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ആ സമയത്ത് ഒരു ആൾക്കൂട്ടത്തെ മുഴുവനായും അറസ്റ്റ് ചെയ്ത് ജർമ്മൻ സൈന്യം തടവിലാക്കി. അതിൽ മാഴ്സെലും ഉൾപ്പെട്ടിരുന്നു. ആ വർഷങ്ങളിൽ അവരുടെ ജീവിതം ഏറെ വിഷമം നിറഞ്ഞ ഒന്നായിരുന്നെങ്കിലും ഇരുവരും യഥാർത്ഥ സ്നേഹത്തോടെ ഹൃദയം കൊണ്ട് ഏറ്റവും അടുത്തിരുന്നു. നൂറു വയസ്സ് പിന്നിട്ട ഇവർ തങ്ങളുടെ നാല് മക്കൾക്കും അവരുടെ കൊച്ചുമക്കൾക്കും ഒപ്പം മുത്തശ്ശനും മുത്തശ്ശിയുമായി സന്തോഷപൂർവ്വം ജീവിക്കുകയാണ്.

സന്തോഷകരമായ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യമെന്താണെന്നു ഇവരോട് ചോദിച്ചാൽ ഇരുവർക്കും പറയാൻ ഒന്ന് മാത്രമേ ഉള്ളൂ, ” ഞങ്ങൾ എല്ലായ്പ്പോഴും ഒന്നു ചേരുന്നതിൽ സന്തോഷം കണ്ടെത്തുന്നു!” ഇത് ഉറപ്പിക്കുന്നതാണ് പതിറ്റാണ്ടുകളായി ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിട്ടും കൂടുതൽ ആഴപ്പെടുന്ന ഇവരുടെ സ്നേഹ ബന്ധവും അതിന്റെ ശക്തമായ തുടർച്ചയും. നിസ്സാരമായ കാരണങ്ങൾക്കൊണ്ട് കുടുംബ ജീവിതം ഒരു ബാധ്യതയായി കാണുന്ന എല്ലാ ദമ്പതികൾക്കും മാതൃകയാണ് ദാമ്പത്യ ജീവിതത്തിന്റെ പരിമളം പരത്തുന്ന ഈ വിശുദ്ധ ദമ്പതികൾ.

സുനീഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.